ഗോൾഡൻ വാലി നിധി തട്ടിപ്പ്: താരയെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്‌തു; പത്ത് ലക്ഷം രൂപ തട്ടിയെന്ന പുതിയ പരാതിയിൽ നടപടി

Published : Nov 08, 2025, 08:26 PM IST
M Thara

Synopsis

ഗോൾഡൻ വാലി നിധി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ താരയെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. നിക്ഷേപകർക്ക് പണം തിരികെ നൽകാമെന്ന വ്യവസ്ഥയിൽ ജാമ്യത്തിലിറങ്ങിയെങ്കിലും വാക്ക് പാലിക്കാത്തതിനെ തുടർന്നാണ് തമ്പാനൂർ പൊലീസിന്റെ നടപടി.

തിരുവനന്തപുരം: ഗോൾഡൻ വാലി നിധി നിക്ഷേപ തട്ടിപ്പിൽ നിക്ഷേപകർക്ക് തുക മടക്കി നൽകാമെന്ന ഉപാധികളോടെ കോടതിയിൽ നിന്നും ജാമ്യത്തിൽ പുറത്തിറങ്ങിയ മുഖ്യപ്രതിയെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിക്ക് സമീപം പ്രവർത്തിച്ചിരുന്ന ​ഗോൾഡൻവാലി നിധി എന്ന സ്ഥാപനത്തിന്റെ ഉടമ നേമം സ്റ്റുഡിയോ റോഡിൽ നക്ഷത്രയിൽ എം.താര (താര കൃഷ്ണൻ-51) യെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി കാനഡയിലേക്ക് കടന്ന താരയെ കഴിഞ്ഞ 29 ന് തമ്പാനൂർ പൊലീസ് സംഘം ബെംഗളൂരു വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്. തുടർന്ന് റിമാന്റിലായ താര, പരാതിക്കാർക്കുള്ള തുക ഉടൻ നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത് കഴിഞ്ഞ ചൊവ്വാഴ്ച ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു. പണം മടക്കി നൽകാതെ വന്നതോടെ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ വീണ്ടും പരാതികളെത്തി. ഇതോടെയാണ് പൊലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന പുതിയ പരാതിയിലാണ് നടപടി. 

തിരുവനന്തപുരം ഫോർട് പൊലീസ് അസിസ്റ്റൻ്റ് കമ്മീഷണർ സി.ബിനുകുമാറിൻ്റെ നിർദേശപ്രകാരം തമ്പാനൂർ എസ്.എച്ച്.ഒ ജിജു കുമാറും, എസ്.ഐ ബിനു മോഹനും നേതൃത്വം നൽകിയ പൊലീസ് സംഘമാണ് താരയെ അറസ്റ്റ് ചെയ്തത്. സിപിഒമാരായ കെ.അരുൺ കുമാർ, സയന, ഗീതു എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ താരയെ വീണ്ടും 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. താരയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. 

കേസിലെ മറ്റൊരു പ്രതി കുവൈറ്റിലേക്ക് കടന്ന കമ്പനി ഡയറക്ടർ കെ.ടി തോമസിനെ നാട്ടിലെത്തിക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. മറ്റ് രണ്ട് ഡയറക്ടർമാരെയും കേസിൽ കണ്ടെത്താനുണ്ട്. തൈക്കാട്, കാട്ടാക്കട, ആര്യനാട്, പട്ടം, തിരുമല, ഹരിപ്പാട്, വെള്ളാണിയിലെ പാമാംകോട് എന്നിവിടങ്ങളിലാണ് ഗോൾഡൻവാലി നിധി എന്ന പേരിൽ സ്ഥാപനം നടത്തിവന്നത്. നിധി കമ്പനിയുടെ മറവിൽ ഗോൾഡ് ലോണും, സ്ഥിര നിക്ഷേപ അക്കൗണ്ടുകളുമാണ് നടത്തിയിരുന്നത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി നിക്ഷേപകർക്ക് പണം തിരികെ നൽകാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്. ഡയറക്ടർമാരായ താര, തോമസ് എന്നിവരെ നിക്ഷേപകർ സമീപിച്ചപ്പോൾ സമയം നീട്ടി വാങ്ങി ഇരുവരും സ്ഥലം വിട്ടു. പിന്നീടാണ് നിക്ഷേപകർ പൊലീസിൽ പരാതിപ്പെട്ടത്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക
ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും