Latest Videos

Dileep Case : ദിലീപ് ചോദ്യംചെയ്യലുമായി സഹകരിച്ചെന്ന് എസ്‍പി മോഹനചന്ദ്രന്‍,മൂന്നുപേരുടെ ഫോണുകള്‍ പിടിച്ചെടുത്തു

By Web TeamFirst Published Jan 23, 2022, 9:03 PM IST
Highlights

സൂരജ്, ബൈജു, അപ്പു എന്നിവരുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകൾ പിടിച്ചെടുത്തതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

കൊച്ചി: ദിലീപ് (Dileep) ചോദ്യം ചെയ്യലുമായി സഹകരിച്ചെന്ന് എസ് പി മോഹനചന്ദ്രൻ (SP Mohanachandran). അഞ്ചുപേരേയും ഒറ്റയ്ക്കിരുത്തിയാണ് ചോദ്യം ചെയ്തത്. സൂരജ്, ബൈജു, അപ്പു എന്നിവരുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകൾ പിടിച്ചെടുത്തതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡിജിറ്റൽ തെളിവുകളുടെ പരിശോധനാ ഫലം നാളെ ലഭിക്കുമെന്നും എസ്പി പറഞ്ഞു. 

ഹൈക്കോടതി ഉത്തരവിനെതുടർന്ന് രാവിലെ 8.40 നാണ് ആലുവയിലെ പദ്മസരോവരം വീട്ടിൽ നിന്ന് ചോദ്യം ചെയ്യലിനായി പ്രതികൾ പുറപ്പെട്ടത്. ദിലീപിനൊപ്പം രണ്ടാം പ്രതിയും സഹോദരനുമായ അനൂപ്, മൂന്നാം പ്രതിയും സഹോദരി ഭർത്താവുമായ സുരാജ് എന്നിവരുമുണ്ടായിരുന്നു. 8.52ന് കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. എതാണ്ട് ഇതേ സമയത്തുതന്നെ കേസിലെ മറ്റു രണ്ടു പ്രതികളായ ബാബു ചെങ്ങമനാടും അപ്പുവും ഹാജരായി. 9 മണിക്ക് തന്നെ നടപടികൾ തുടങ്ങി. 

എസ്പി മോഹനചന്ദ്രന്‍റെ നേതൃത്വത്തിൽ അഞ്ചുപേരെയും വെവ്വേറെ ഇരുത്തിയാണ്  ആദ്യഘട്ടത്തിൽ മൊഴിയെടുത്തത്. ഉച്ചയോടെ ക്രൈംബ്രാ‌ഞ്ച് എഡിജിപി എസ് ശ്രീജിത്തും ഐജി ഗോപേഷ് അഗർവാളുമെത്തി ദിലീപിനെ ചോദ്യം ചെയ്തു. കൊലപാതക ഗൂഡാലോചന സംബന്ധിച്ച് ദിലീപിനും കൂട്ടുപ്രതികൾക്കും പറയാനുളളത് മുഴുവൻ കേൾക്കുകയാണ് ആദ്യ ദിവസം അന്വേഷണ സംഘം ചെയ്തത്. ദിലീപ് സഹകരിച്ചെന്ന് ഉദ്യോഗസ്ഥർ പരസ്യമായി പറയുമ്പോഴും വിശദീകരണം ആവശ്യപ്പെട്ട ചില കാര്യങ്ങളിലെ ദിലീപിന്‍റെ നിഷേധാത്മക നിലപാട് അന്വേഷണ സംഘത്തെ അലോസരപ്പെടുത്തുന്നുണ്ട്. 

കൊലപാതക ഗൂഡാലോചന സംബന്ധിച്ച് അഞ്ച് പ്രതികളും വെവ്വേറെ മുറികളിലിരുന്ന് പറഞ്ഞ മൊഴിയിലെ പൊരുത്തവും പൊരുത്തക്കേടുകളും മുൻനിർത്തിയാവും രണ്ടാം ദിവസത്തെ ചോദ്യം ചെയ്യാൽ. രാത്രി എട്ടുമണിയോടെ ചോദ്യം ചെയ്യൽ അവസാനിച്ചതിന് പിന്നാലെ ദിലീപും സഹോദരനും അടക്കമുളളവർ ആലുവയിലെ വീട്ടിലേക്ക് പോയി. നാളെ രാവിലെ 9 മുതൽ ചോദ്യം ചെയ്യൽ തുടരും.

tags
click me!