മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫിൻ്റെ 'സ്പീക്കപ്പ് കേരള' സത്യാഗ്രഹം ആരംഭിച്ചു

By Web TeamFirst Published Aug 3, 2020, 11:10 AM IST
Highlights

കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് നേതാക്കള്‍ അവരവരുടെ വീടുകളിലോ ഓഫീസുകളിലോ ആണ് സത്യാഗ്രഹം അനുഷ്ഠിക്കുന്നത്.

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസും സര്‍ക്കാരിന്റെ അഴിമതിയും സി.ബി.ഐ. അന്വേഷിക്കുക, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ്. എം.പിമാര്‍, എം.എല്‍.എ.മാര്‍ , യു.ഡി.എഫ്. നേതാക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന 'സ്പീക്ക് അപ്പ് കേരള' സത്യാഗ്രഹം ആരംഭിച്ചു.

കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് നേതാക്കള്‍ അവരവരുടെ വീടുകളിലോ ഓഫീസുകളിലോ ആയിരിക്കും സത്യാഗ്രഹം അനുഷ്ഠിക്കുന്നത്. രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് 1 മണിവരെയായിരിക്കും സത്യാഗ്രഹം. സത്യാഗ്രഹ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുല്‍ വാസ്‌നിക്  സൂമിലൂടെ നിർവഹിച്ചു. 

പരിപാടിയുടെ സമാപന ചടങ്ങ് ഒരു മണിയോടെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി. ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസിലാണ് സത്യാഗ്രഹമിരിക്കുന്നത്. പാർട്ടിയുടേയും നേതാക്കളുടേയും വിവിധ സോഷ്യൽ മീഡിയ അക്കൌണ്ടുകളിലൂടെ പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്. 

കേരളത്തിലെ മോദിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് സ്പീക്ക് അപ്പ് കേരള ഉദ്ഘാടനം ചെയ്തു കൊണ്ട് കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് പറഞ്ഞു. മോദി കേന്ദ്രത്തിൽ ചെയ്യുന്നതാണ് കേരളത്തിൽ പിണറായി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 

അന്വേഷണം തന്നിലേക്ക് എത്തുമെന്നതിനാലാണ് വിജിലൻസ് അന്വേഷണങ്ങൾക്ക് മുഖ്യമന്ത്രി അനുമതി നൽകാത്തതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. രണ്ടു ദിവസത്തിനകം വിജിലൻസിൽ നിന്ന് നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ നേരിട്ട് സമീപിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. 

പിണറായി സർക്കാർ സംസ്ഥാനത്തിന് ബാധ്യതയായി മാറിയെന്നും സർക്കാർ രാജിവച്ചാൽ മാത്രമേ കേരള ജനതയ്ക്ക് മോചനം ലഭിക്കൂവെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ദേശവിരുദ്ധ ശക്തികളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിക്കുന്നത്. സ്വർണ്ണക്കടത്ത് സിബിഐയും റോയും അന്വേഷിക്കണം. 

ബി ജെ പി യുടെ കേന്ദ്ര നേതൃത്വത്തിന് സ്വർണ്ണക്കടത്ത് അന്വേഷിക്കാൻ താല്പര്യമില്ല. സ്വർണ്ണക്കടത്തിന്റെ കണ്ണിയാണ് മുഖ്യമന്ത്രിയെന്ന് ബിജെപി കേന്ദ്ര നേതാക്കൾ ആരോപിക്കുന്നു. അങ്ങനെയെങ്കിൽ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാൻ ധൈര്യമുണ്ടോ അങ്ങനെയല്ലെങ്കിൽ സിപിഎം- ബിജെപി ധാരണ ഇക്കാര്യത്തിലുണ്ടെന്ന് സംശയിക്കേണ്ടി വരുമെന്നും മുല്ലപ്പള്ളി പറഞ്ഞു. 

പി.എസ്.സി ലിസ്റ്റിലെ യുവാക്കളെ സർക്കാർ വഞ്ചിക്കുകയാണെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. പി.എസ്.സി കാലാവധി കഴിയുമ്പോൾ ലിസ്റ്റ് അവസാനിപ്പിക്കുകയാണ് സർക്കാർ ഇപ്പോൾ. പകരം ലിസ്റ്റോ നിയമനമോ വരുന്നില്ല. ഇതിലൂടെ സർക്കാർ യുവാക്കളെ വഞ്ചിക്കുകയാണ്. യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് നിരവധി പിഎസ്.സി ലിസ്റ്റുകൾ കാലാവധി തീരുന്ന മുറയ്ക്ക് സർക്കാർ നീട്ടി കൊടുത്തിരുന്നു. 

ഇവിടെ ലിസ്റ്റിൻ്റെ കാലാവധി കഴിഞ്ഞാൽ പകരം ലിസ്റ്റില്ലെന്നും പറഞ്ഞ് പുറംവാതിൽ നിയമനം നടത്തുകയാണ് സർക്കാരെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു. കേരളത്തിലെ യുവാക്കൾക്കിടയിലെ പ്രതിഷേധം ഇനിയെങ്കിലും സർക്കാർ മുഖവിലയ്ക്കെടുക്കണം. പ്രതിപക്ഷ ആരോപണങ്ങൾ പുച്ഛിച്ച് തള്ളിയ മുഖ്യമന്ത്രിക്ക് എല്ലാം അംഗീകരിക്കേണ്ടി വരുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. 

click me!