ഒരിക്കലും നികത്താനാവാത്ത വിടവ്, പകർന്നു തന്ന പാഠങ്ങൾ നെഞ്ചോട് ചേർത്തുപിടിക്കുമെന്ന് നിയമസഭാ സ്പീക്കർ

By Web TeamFirst Published Oct 2, 2022, 3:02 AM IST
Highlights

അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് അതേ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു നിയോഗം ആയിട്ടാണ് കരുതുന്നതെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ

മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു. സഖാവ് കോടിയേരി എനിക്ക് പാർട്ടി സെക്രട്ടറിയോ തല മുതിർന്ന നേതാവോ മാത്രമായിരുന്നില്ല. ചെറുപ്പം മുതലേ പിതൃതുല്യമായ വാത്സല്യത്തോടെ എന്നും കൂടെ ഉണ്ടായിരുന്നൊരാളായിരുന്നു. കമ്മ്യൂണിസ്റ്റാശയങ്ങളെ പകർന്നു തന്ന ഗുരുസ്ഥാനീയൻ, സർവോപരി എന്നും  മാതൃകയായി മുന്നിൽ നടന്ന സഖാവ്. എല്ലാ അർത്ഥത്തിലും അദ്ദേഹം എന്റെ സഖാവായിരുന്നു.

അയൽവാസിയും കുടുംബസുഹൃത്തുമെല്ലാമായി പതിറ്റാണ്ടുകളുടെ ആത്മബന്ധമുള്ളൊരാൾ. അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് അതേ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു നിയോഗം ആയിട്ടാണ് കരുതുന്നതെന്നും നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചനക്കുറിപ്പില്‍ പറയുന്നു. ഈ വിയോഗം ഒരിക്കലും നികത്താനാവാത്ത വിടവാണ് - രാഷ്ട്രീയ ജീവിതത്തിലും വ്യക്തിജീവിതത്തിലും. അങ്ങ് പകർന്നു തന്ന  പാഠങ്ങൾ എന്നും നെഞ്ചോട് ചേർത്തുപിടിക്കുമെന്ന ഉറപ്പാണ് എന്റെ ആദരാഞ്ജലിയെന്നും നിയമസഭാ സ്പീക്കര്‍ കുറിപ്പില്‍ വിശദമാക്കി. 

ദീര്‍ഘനാളായി അര്‍ബുധ ബാധിതനായിരുന്ന മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ ശനിയാഴ്ച ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് അന്തരിച്ചത്. മൂന്ന് പതിറ്റാണ്ടിലേറെയായി സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ അമരക്കാരനായിരുന്ന കോടിയേരിയുടെ സംസ്ക്കാരം തിങ്കളാഴ്ച മൂന്ന് മണിക്കാണ് നടക്കുക. മൂന്ന് തവണയാണ് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ നയിച്ചത്. അഞ്ചുതവണ തലശ്ശേരിയില്‍ നിന്ന് അദ്ദേഹം എംഎല്‍എയായിട്ടുണ്ട്.

click me!