കോടിയേരി കക്ഷിരാഷ്ട്രീയത്തിനപ്പുറം സുഹൃത് ബന്ധങ്ങളെ കാത്തുസൂക്ഷിച്ച നേതാവെന്ന് എൻ കെ പ്രേമചന്ദ്രൻ

By Web TeamFirst Published Oct 2, 2022, 2:14 AM IST
Highlights

വിഎസ് അച്യുതാനന്ദൻ സർക്കാരിന്റെ കെട്ടുറപ്പിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും ചാലക ശക്തിയായി പ്രവർത്തിച്ച ശക്തനായ ഭരണാധികാരിയായിരുന്ന കോടിയേരിയുടെ വിയോഗം കനത്ത നഷ്ടമാണെന്നും എൻ.കെ. പ്രേമചന്ദ്രൻ എംപി

സംഘർഷഭരിതമായ സാഹചര്യത്തിൽ സമവായത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അസാധാരണമായ സംഘടനാ പാടവം പുലർത്തിയ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി. കക്ഷിരാഷ്ട്രീയത്തിനപ്പുറം സുഹൃത് ബന്ധങ്ങളെ കാത്തുസൂക്ഷിക്കുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. മുന്നണി മാറ്റം ഉണ്ടായിട്ടും കുടുംബ സൗഹൃദത്തിന് കോട്ടം വരാത്ത തരത്തിലുള്ള വിശാല മനസ്കതയായിരുന്നു കോടിയേരി ബാലകൃഷ്ണനുണ്ടായിരുന്നത്.  വിഎസ് അച്യുതാനന്ദൻ സർക്കാരിന്റെ കെട്ടുറപ്പിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും ചാലക ശക്തിയായി പ്രവർത്തിച്ച ശക്തനായ ഭരണാധികാരിയായിരുന്ന കോടിയേരിയുടെ വിയോഗം കനത്ത നഷ്ടമാണെന്നും എൻ.കെ. പ്രേമചന്ദ്രൻ എംപി വാര്‍ത്താകുറിപ്പില്‍ പറയുന്നു. 

കോടിയേരി ബാലകൃഷ്‍ണന്‍ അന്തരിച്ചു, വിട പറഞ്ഞത് സിപിഎമ്മിലെ അതികായന്‍

ദീര്‍ഘനാളായി അര്‍ബുധ ബാധിതനായിരുന്ന മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ ശനിയാഴ്ച ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് അന്തരിച്ചത്. മൂന്ന് പതിറ്റാണ്ടിലേറെയായി സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ അമരക്കാരനായിരുന്ന കോടിയേരിയുടെ സംസ്ക്കാരം തിങ്കളാഴ്ച മൂന്ന് മണിക്കാണ് നടക്കുക. മൂന്ന് തവണയാണ് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ നയിച്ചത്. അഞ്ചുതവണ തലശ്ശേരിയില്‍ നിന്ന് അദ്ദേഹം എംഎല്‍എയായിട്ടുണ്ട്.കർക്കശക്കാരായ കമ്യൂണിസ്റ്റുകൾക്കിടയിൽ എന്നും സൗമ്യനും, സമവായ അന്വേഷകനുമായിരുന്നു കോടിയേരിക്ക് കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ സമൂഹത്തിന്‍റെ വിവിധ മേഖലയില്‍ നിന്നുള്ളവരാണ് ഇതിനോടകം അനുശോചനം അറിയിച്ചിട്ടുള്ളത്. 

click me!