'ഡോക്ടർമാർ 4 വർഷം ആയുസ് വിധിച്ചവനാണ് എൻ്റെ മാറോട് ചേർന്ന്...'; പ്രിയ സുഹൃത്തിനെ കുറിച്ച് സ്‌പീക്കർ എഎൻ ഷംസീർ

Published : Jan 20, 2026, 04:58 PM IST
Speaker AN Shamseer with Gokul

Synopsis

അപകടത്തിൽ അരയ്ക്ക് താഴേക്ക് ചലനശേഷി നഷ്ടപ്പെട്ട പ്രിയ സുഹൃത്ത് ഗോകുലിന്റെ അതിജീവനത്തെക്കുറിച്ച് സ്പീക്കർ എ.എൻ ഷംസീർ. പ്രതിസന്ധികളെ അതിജീവിച്ച് ഗോകുൽ നേടിയ വിജയങ്ങളും നിരവധി പേർക്ക് പ്രചോദനമായതെങ്ങനെയെന്നും അദ്ദേഹം വിവരിച്ചു.

തിരുവനന്തപുരം: അപകടത്തിൽ അരയ്ക്ക് താഴേക്ക് ചലനശേഷി നഷ്‌ടപ്പെട്ട പ്രിയ സുഹൃത്ത് ഗോകുലിൻ്റെ അതിജീവനത്തെ കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവച്ച് സ്പീക്കർ എഎൻ ഷംസീർ. എസ്എഫ്ഐ നേതാവായിരുന്ന കാലം മുതൽ അടുത്ത സുഹൃത്തായ ഗോകുലിനെ കുറിച്ചാണ് കുറിപ്പ്. വീൽചെയറിൽ ഇരിക്കുന്ന ഗോകുലിനെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ച് എടുത്ത ഫോട്ടോയും ഫെയ്സ്ബുക്കിൽ സ്പീക്കർ പങ്കുവച്ചു.

സ്പീക്കറുടെ കുറിപ്പ്

മനക്കരുത്തിന്റെയും ഇച്ഛാശക്തിയുടെയും അടയാളമാണ് പ്രിയപ്പെട്ട ഗോകുൽ. വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനകാലം മുതൽ സ്വന്തം സഹോദരനെപ്പോലെ എനിക്കൊപ്പമുള്ള സഖാവ്. ഇന്നും ഒരു ഫോൺ വിളിക്കപ്പുറം "ഷംസീർ സഖാവേ..." എന്ന സ്നേഹവിളിയുമായി ഹൃദയത്തോട് ചേർന്നുനിൽക്കുന്ന പ്രിയപ്പെട്ടവൻ.

​2006-ലാണ് ഒരു അപകടത്തിന്റെ രൂപത്തിൽ ഗോകുലിന്റെ ജീവിതം മാറിമറിയുന്നതും അരയ്ക്ക് താഴേക്ക് ചലനശേഷി നഷ്ടപ്പെടുന്നതും. ആ അപകടവാർത്തയറിഞ്ഞ്, അതിന്റെ വ്യാപ്തി പോലും തിരിച്ചറിയുന്നതിന് മുൻപേ സഖാവ് പി. ബിജുവിനൊപ്പം ഗോകുലിനെ കാണാൻ ആശുപത്രിയിൽ എത്തിയത് ഇന്നും ഓർമ്മയിൽ തെളിഞ്ഞുനിൽക്കുന്നു. ബിജുവിനും അത്രമേൽ പ്രിയപ്പെട്ടവനായിരുന്നു ഗോകുൽ.

​നാലോ അഞ്ചോ വർഷം മാത്രം ആയുസ്സ് ബാക്കിയുണ്ടാകുമെന്ന് അന്ന് ഡോക്ടർമാർ വിധിയെഴുതിയ ഒരാളാണ്, ഇന്ന് എന്റെ മാറോട് ചേർന്ന് നിന്ന് ഇത്രയേറെ ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കുന്നത്. അപ്രതീക്ഷിതമായുണ്ടായ ആ വലിയ വീഴ്ചയിൽ തളർന്നുപോകാതെ, അസാമാന്യമായ മനക്കരുത്തുകൊണ്ടും ഇച്ഛാശക്തികൊണ്ടും ഉയർത്തെഴുന്നേറ്റവനാണ് അവൻ.

​പ്രതിസന്ധികളോട് പടപൊരുതി 2012-ൽ ഗോകുൽ തന്റെ എൽ.എൽ.ബി പഠനം പൂർത്തിയാക്കി. ഇതിനിടയിൽ 2009 ഇൽ, തന്നെപ്പോലെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ ചേർത്തുപിടിക്കാൻ 'Can Walk' എന്ന സംഘടന രൂപീകരിച്ചു. ഇന്ന് തിരുവനന്തപുരത്ത് 'SP Adarsh Foundation' മായി ചേർന്ന് ഒരു റീഹാബിലിറ്റേഷൻ - ഫിസിയോതെറാപ്പി യൂണിറ്റ് ഗോകുൽ നടത്തിവരുന്നു. ഏറെ അഭിമാനത്തോടെ പറയട്ടെ, കഴിഞ്ഞ മാസം ഈ സംഘടനയിലെ 10 പേർ മോട്ടോറൈസ്ഡ് വീൽചെയറുകൾ ഉപയോഗിച്ച് തിരുവനന്തപുരം നഗരത്തിൽ Zomato ഡെലിവറി പാർട്ണർമാരായി ജോലി ചെയ്യുന്നുണ്ട്. കൂടെയുള്ളവർക്ക് ഇത്രമേൽ ആത്മവിശ്വാസം പകരാൻ ഗോകുലിനും 'Can Walk' സൊസൈറ്റിക്കും സാധിക്കുന്നു എന്നത് ചെറിയ കാര്യമല്ല.

​2017 ഇൽ വിവാഹിതനായ ഗോകുൽ ഇന്ന് ഇരട്ട ആൺകുട്ടികളുടെ അച്ഛനാണ്. ഭാര്യ മീനു മാർ ഇവാനിയോസ് കോളേജിൽ ബോട്ടണി വിഭാഗം ഗസ്റ്റ് ലക്ചററായി ജോലി ചെയ്യുന്നു.

​ഇക്കഴിഞ്ഞ നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിനിടെയാണ് പ്രിയപ്പെട്ടവനെ വീണ്ടും കണ്ടത്. ഏറെ സന്തോഷത്തോടെ അവനെ വാരിപ്പുണർന്ന് സ്വീകരിച്ചു. ഈ നിമിഷത്തിൽ സഖാവ് പി. ബിജു കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോയി. കാരണം, ഗോകുലിനെ എന്നെക്കാളേറെ സ്നേഹിച്ചിരുന്നത് ബിജുവായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം, കട്ടിളപ്പടി കേസിൽ ജയിലിൽ തുടരും
ബൈക്കിന് പിന്നിൽ ഥാർ ജീപ്പ് ഇടിച്ച് അപകടം; ഭാര്യക്ക് പിന്നാലെ ഭർത്താവും മരിച്ചു, 'കേസിലെ പ്രതികളെ സംരക്ഷിക്കുന്നു', പൊലീസിനെതിരെ പ്രതിഷേധം ശക്തം