
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനിടെ ബഹളം വെച്ച ഭരണപക്ഷത്തിന് സ്പീക്കർ എഎൻ ഷംസീറിന്റെ വിമർശനം. മുഖ്യമന്ത്രി പ്രസംഗിച്ചപ്പോൾ പ്രതിപക്ഷം മിണ്ടാതിരുന്ന് കേട്ടത് ഓർമ്മിപ്പിച്ച് കൊണ്ടാണ് സ്പീക്കർ ഭരണപക്ഷത്തോട് നിശബ്ദരായിരിക്കാൻ പറഞ്ഞത്.
"ഒന്ന് പ്ലീസ്... മിണ്ടാതിരിക്കണം... ബഹുമാനപ്പെട്ട മുഖ്യമന്ത്രി സംസാരിക്കുമ്പോ അവര് അനങ്ങിയിട്ടില്ല. അതുകൊണ്ട് ഭരണപക്ഷം മര്യാ.. നിശബ്ദമായിരിക്കണം പ്ലീസ്.
രാവിലെ സഭ ചേർന്നപ്പോൾ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയ ശേഷമായിരുന്നു സംഭവം. മുഖ്യമന്ത്രി പ്രസംഗിച്ച ശേഷം പ്രതിപക്ഷ നേതാവ് പ്രസംഗിക്കാൻ എഴുന്നേറ്റു. മുഖ്യമന്ത്രി ഉയർത്തിയ വിമർശനങ്ങളോട് പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോഴായിരുന്നു ഭരണപക്ഷത്ത് നിന്ന് ബഹളം വെക്കാൻ തുടങ്ങിയത്.
ഇതോടെ പ്രതിപക്ഷവും പ്രതിഷേധിച്ചു. ഭരണ പക്ഷത്തിനെതിരെ സ്പീക്കർ രംഗത്ത് വന്നെങ്കിലും അംഗങ്ങൾ പ്രതിഷേധം നിർത്തിയില്ല. പ്രതിപക്ഷ നേതാവിനെ പോലും പ്രസംഗിക്കാൻ അനുവദിക്കുന്നില്ലെന്ന് വിഡി സതീശൻ വിമർശിച്ചു. ഇതോടെ സ്പീക്കർക്ക് മുന്നിലേക്ക് പ്രതിപക്ഷം വന്നു. ഷൗട്ടിംഗ് ബ്രിഗേഡിനെ ഉണ്ടാക്കി ആക്രമിക്കാൻ നോക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സ്പീക്കറുടെ ഇരിപ്പിടത്തിനു മുന്നിൽ പ്രതിഷേധം ഉയർന്നു. ഭരണ പക്ഷവും സീറ്റിൽ നിന്ന് എണീറ്റ് ബഹളം തുടർന്നഇതോടെ സഭ നിർത്തി വെക്കുകയായിരുന്നു.
ഇടവേളയ്ക്ക് ശേഷം സഭ വീണ്ടും ചേർന്നെങ്കിലും ഇരുപക്ഷവും ബഹളം വെച്ചു. സഭ തുടരാൻ കഴിയാത്ത സാഹചര്യമായി. ബഹളം തുടരുന്നതിനിടെ നടപടികൾ വേഗത്തിലാക്കി സ്പീക്കർ എഎൻ ഷംസീർ സഭ ഇന്നത്തേക്ക് പിരിയുന്നതായി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam