'അതൊക്കെ മാധ്യമവാർത്തകൾ മാത്രം'; കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന വാർത്ത നിഷേധിച്ച് സ്പീക്കർ

By Web TeamFirst Published Jan 27, 2021, 3:23 PM IST
Highlights

തന്നെ ചോദ്യം ചെയ്യും എന്നത് മാധ്യമ വാർത്തകൾ മാത്രമാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും എന്നും സ്പീക്കർ പറഞ്ഞു.

തിരുവനന്തപുരം: വിദേശത്തേക്ക് ഡോളർ കടത്തിയ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് തന്നെ ചോദ്യം ചെയ്യുമെന്ന വാർത്ത നിഷേധിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. തന്നെ ചോദ്യം ചെയ്യും എന്നത് മാധ്യമ വാർത്തകൾ മാത്രമാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും എന്നും സ്പീക്കർ പറഞ്ഞു.

സ്പീക്കറുടെ സുഹൃത്തായ നാസ് അബ്ദുള്ളയെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ഡോളർ കടത്ത് കേസിൽ ചോദ്യം ചെയ്തിരുന്നു. യുഎഇ കോണ്‍സുലേറ്റിന്‍റെ മുൻ ചീഫ് അക്കൗണ്ട് ഓഫീസർ ഖാലിദ് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലാണ് കസ്റ്റംസിന്‍റെ നിർണായക നടപടികൾ. സ്പീക്കർ ഉപയോഗിക്കുന്ന ഒരു സിം കാർഡ് നാസിന്‍റെ പേരിൽ എടുത്തതാണെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. നയതന്ത്ര ബാഗേജിൽ നിന്ന് സ്വർണ്ണം കണ്ടെടുത്ത ജൂലൈ ആദ്യവാരം മുതൽ സിം കാര്‍ഡ് പ്രവർത്തിക്കുന്നില്ല. ഇത് സംബന്ധിച്ച വിവരങ്ങൾക്കായാണ് നാസിന്‍റെ മൊഴിയെടുത്തത്. ഇതിനു പിന്നാലെയാണ് സ്പീക്കറെയും ചോദ്യം ചെയ്യുമെന്ന് അഭ്യൂഹങ്ങൾ പരന്നത്.

അതിനിടെ, വിദേശത്തേക്ക് ഡോളര്‍ കടത്തിയതിന് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കോടതി റിമാൻ്റ് ചെയ്തു. അടുത്ത മാസം 9 വരെയാണ് റിമാൻറ് ചെയ്തത്. വീഡിയോ കോൺഫറൻസ് വഴിയാണ് ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കിയത്.  അതേസമയം, കേസിൽ എം ശിവശങ്കർ ജാമ്യാപേക്ഷ സമർപ്പിച്ചു. അടുത്ത തിങ്കളാഴ്ച ജാമ്യാപേക്ഷ കോടതി പരിഗണിക്കും.

ഒന്നരക്കോടി രൂപയുടെ ഡോളർ കടത്തിൽ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. ഡോളർ കടത്ത് കേസിൽ കഴിഞ്ഞ ആഴ്ചയാണ് എം ശിവശങ്കറിന്‍റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തിയത്. കോടതി അനുമതിയോടെ ആയിരുന്നു നടപടി. യുഎഇ കോണ്‍സുലേറ്റിന്‍റെ മുൻ ചീഫ് അക്കൗണ്ട് ഓഫീസർ ഖാലിദ് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലാണ് കസ്റ്റംസിന്‍റെ നിർണായക നടപടികൾ. 15 കോടി രൂപയുടെ ഡോളർ കടത്തിയ കേസിൽ ശിവശങ്കറിന് പങ്കുണ്ടെന്ന് കസ്റ്റംസ് ആരോപിക്കുന്നു. ഇദ്ദേഹത്തിനെതിരെ ശക്തമായ തെളിവുണ്ടെന്നും കസ്റ്റംസ് വാദിക്കുന്നു.  
 

click me!