
കോട്ടയം: മാസപ്പടി കേസിൽ സർക്കാർ നിലപാടിനെച്ചൊല്ലിയുള്ള വിവാദത്തിൽ സ്വന്തം നിഗമനവും നിലപാടുമുണ്ടെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇപ്പോൾ പരസ്യ സംവാദത്തിന് ഇല്ല. പറയാനുള്ളത് പാർട്ടി ഫോറത്തിൽ പറയുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ഫ്ലെക്സുകളെക്കുറിച്ചുള്ള ചോദ്യത്തിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ പ്രതികരണം.
"കോൺഗ്രസിലെ നിലവിലെ വിവാദത്തിൽ എനിക്ക് എന്റേതായ നിഗമനവും നിലപാടുമുണ്ട്. പക്ഷേ പരസ്യമായി പറയാനില്ല. പബ്ലിക് ഡിബേറ്റിന് ഇല്ല. പാർട്ടിയിൽ ഉത്തരവാദിത്തപ്പെട്ടവർ അത് പറയട്ടെ. ഉമ്മൻ ചാണ്ടി നമ്മുടെ ഹൃദയത്തിന്റെ ഭാഗം. പാർട്ടി എന്നോട് ചോദിച്ചാൽ അപ്പോൾ നിലപാട് പറയും. അതുവരെ വെയ്റ്റ് ആൻ്റ് സീ"- തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
മുൻ സർക്കാർ ചെയ്ത കാര്യങ്ങൾ അത് പോലെ വരുന്ന സർക്കാറും ചെയ്യണമെന്നില്ലല്ലോ എന്ന് കിഫ്‌ബിയുമായി ബന്ധപ്പെട്ട ചോദ്യത്തോട് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. പുതിയ സർക്കാറിന് പുതിയ പോളിസി ഉണ്ടാകും. അക്കാര്യം മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. നിയമസഭയിൽ ഇക്കാര്യം വന്നാൽ അപ്പോൾ നിലപാട് പറയുമെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.
മാസപ്പടി കേസിൽ പിണറായി വിജയന് അനുകൂലമായി സർക്കാർ ഹൈക്കോടതിയിൽ നിലപാടെടുത്തിനെച്ചൊല്ലി കോൺഗ്രസിൽ തർക്കം തുടരുന്നതിനിടെ കോട്ടയത്ത് ചിത്രത്തോട് കൂടിയ ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്."ഒന്നും മറന്നിട്ടില്ല വിജയാ, ഞങ്ങളുടെ സാറിനോട് ചെയ്തതൊന്നും മറക്കാനാവില്ല ഞങ്ങൾക്ക്" എന്ന വാചകങ്ങളോട് കൂടിയ ഫ്ലെക്സ് ബോർഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകർ എന്ന പേരിൽ കോട്ടയം പ്രസ് ക്ലബ്ബ്, ഡിസിസി ഓഫീസ്, പ്രധാന മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകൾ എന്നിവിടങ്ങൾക്ക് മുന്നിലാണ് ഫ്ലെക്സുകൾ സ്ഥാപിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam