
ദില്ലി: സംസ്ഥാനത്തെ കൊവിഡ് മരണങ്ങളിലുണ്ടായ വൻ വർധനവിനെക്കുറിച്ച് കേന്ദ്രസർക്കാർ നേരിട്ട് അന്വേഷിക്കും. പ്രതിദിന കൊവിഡ് കേസുകളും മരണങ്ങളും കേരളത്തിൽ കുറഞ്ഞു വരികയാണെങ്കിലും മുൻകാലങ്ങളിൽ സ്ഥിരീകരിക്കാതിരുന്ന ആയിരക്കണക്കിന് മരണങ്ങളാണ് ഇക്കഴിഞ്ഞ മാസങ്ങളിൽ ഒരോ ദിവസവും ആരോഗ്യവകുപ്പ് പട്ടികയിൽ ചേർക്കുന്നത്. ഈ കണക്കുകൾ പരിശോധിക്കാനും അന്വേഷിക്കാനുമാണ് പ്രത്യേക സംഘത്തെ കേരളത്തിലേക്ക് അയക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
കേരളത്തോടൊപ്പം മിസ്സോറാമിലേക്കും പ്രത്യേക സംഘത്തെ കേന്ദ്രസർക്കാർ അയക്കുന്നുണ്ട്. നിലവിൽ കൊവിഡ് വ്യാപനം ഏറ്റവും ശക്തമായി തുടരുന്ന സംസ്ഥാനമെന്ന നിലയിലാണ് മിസ്സോറാമിലേക്ക് പ്രത്യേക സംഘത്തെ കേന്ദ്രസർക്കാർ അയക്കുന്നത്. ഡോ.പി.രവീന്ദ്രൻ, ഡോ.രുചി ജെയിൻ, ഡോ.പ്രണയ് വർമ്മ എന്നിവരടങ്ങിയ സംഘമാണ് കേരളത്തിൽ എത്തുന്നത്. കേരളത്തിലെ കൊവിഡ് പരിശോധന സംവിധാനങ്ങൾ, സമ്പർക്കപ്പട്ടിക തയ്യാറാക്കുന്ന രീതി, കണ്ടെയ്മൻമെൻ്റ സോണുകളുടെ നിർണയം, ഹോസ്പിറ്റൽ ബെഡുകളുടെ ലഭ്യത, ആംബുലൻസ് മറ്റു അനുബന്ധ സൌകര്യങ്ങൾ കൊവിഡ് വാക്സീനേഷനിലെ പുരോഗതി എന്നിവയെല്ലാം സംഘം പരിശോധിക്കും. ഡിസംബർ 12-ന് മുൻപായി പ്രത്യേകസംഘത്തോട് കേരളത്തിലും മിസ്സോറാമിലും എത്താനാണ് ആരോഗ്യമന്ത്രാലയം ജോയിൻ്റ സെക്രട്ടറി ലവ് അഗർവാളിൻ്റെ ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഇന്ന് രാവിലെ എട്ട് മണി വരെയുള്ള 24 മണിക്കൂറിനിടെ രാജ്യത്ത് 5784 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 571 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന വ്യാപന നിരക്കാണ് ഇതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 7995 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. രാജ്യവ്യാപകമായി 252 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam