പാലക്കാട് മെഡിക്കൽ കോളേജിൽ പ്രത്യേക കൊവിഡ് ചികിത്സ കേന്ദ്രം ആരംഭിക്കുന്നു

By Web TeamFirst Published Jun 9, 2020, 5:39 PM IST
Highlights

 ഗുരുതാരവസ്ഥയിലുള്ള കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിന് ജില്ലാശുപത്രിയിൽ പ്രത്യേക കൊവിഡ് ഐസൊലേഷൻ വാർഡ് തയ്യാറാക്കും. ഇവിടെ വെന്‍റിലേറ്റർ ഐസിയു സൗകര്യവും ഏ‌ർപ്പെടുത്തും

പാലക്കാട്: കൊവിഡ് വ്യാപനം ശക്തമായതോടെ പാലക്കാട് മെഡിക്കൽ കോളേജ് കൊവിഡ് ചികിത്സ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നടപടികൾ തുടങ്ങി. 100 കിടക്കകളുള്ള വാർഡാണ് ആദ്യം സജ്ജമാക്കുക. ഗുരുതാരവസ്ഥയിലുള്ള കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിന് ജില്ലാശുപത്രിയിൽ പ്രത്യേക കൊവിഡ് ഐസൊലേഷൻ വാർഡ് തയ്യാറാക്കും. ഇവിടെ വെന്‍റിലേറ്റർ ഐസിയു സൗകര്യവും ഏ‌ർപ്പെടുത്തും. 

ജില്ലാശുപത്രിയിൽ കൊവിഡ് ചികിത്സയും ഇതര ചികിത്സകളും ഒരുമിച്ച്  നടത്തുന്നത് ഗുരുതര സുരക്ഷ വീഴ്ചകൾക്ക് ഇടയാക്കിയ സാഹിചര്യത്തിലാണ് തീരുമാനം. അതേ സമയം ഗുരുതാരവസ്ഥയിലുള്ള കൊവിഡ് രോഗികളെ ജില്ലാശുപത്രിയിൽ തുടർന്നും ചികിത്സിക്കും.
ഇതോടൊപ്പം ഒപി ചികിത്സയും ജില്ലാശുപത്രിയിൽ തുടരും. 

ജില്ലയിൽ രോഗ ബാധിതർ വർദ്ധിക്കുകയും ആരോഗ്യ പ്രവർത്തകർക്ക് കൂട്ടമായി രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് കൊവിഡ് ചികിത്സ കേന്ദ്രം മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആരോഗ്യപ്രവർത്തകർ കൊവിഡ് ബാധിതരായത് പാലക്കാട് ജില്ലയിലാണ്. 

മെഡിക്കൽ കോളേജിൽ കൊവിഡ് പരിശോധന സംവിധാനം അടക്കം ഉടൻ പ്രവർത്തനം തുടങ്ങും. ഇതോടെ പ്രതിദിനം നൂറിലേറെ സാംപിളുകൾ ഇവിടെ പരിശോധിക്കാനാകും. പുതിയ ക്രമീകരണങ്ങളുടെ ഭാഗമായി ജീവനക്കാരെ ഉടൻ പുനർവിന്യാസിക്കുമെന്ന് ജില്ല മെഡിക്കൽ ബോർഡ് അറിയിച്ചു.  ജില്ലാശുപത്രി കൊവിഡ് ചികിത്സ കേന്ദ്രമാക്കി മാറ്റാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ഡോക്ടർമാരും ജനപ്രതിനിധികളും രംഗത്തെത്തുകയായിരുന്നു.

click me!