Latest Videos

മായം പിടിക്കാൻ ഓണം സ്ക്വാഡ്; പൊതുജനങ്ങള്‍ക്ക് പരാതികള്‍ വിളിച്ചറിയിക്കാം

By Web TeamFirst Published Aug 20, 2020, 3:16 PM IST
Highlights

ഭക്ഷ്യവസ്തുക്കളിലെ മായം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ 1800 425 1125 എന്ന ടോള്‍ഫ്രി നമ്പരില്‍ വിളിച്ചറിയിക്കാം..

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ വിപണി ലക്ഷ്യമിട്ട് വില്‍പ്പനക്കെത്തിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. ഓണം പ്രമാണിച്ചുള്ള ഈ ഭക്ഷ്യ സ്‌ക്വാഡുകള്‍ സെപ്റ്റംബര്‍ 5 വരെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കും. ഭക്ഷ്യവസ്തുക്കളിലെ മായം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ 1800 425 1125 എന്ന ടോള്‍ഫ്രി നമ്പരില്‍ അറിയിക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യസുരക്ഷാ ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ഓണ വിപണിയിലെത്തുന്ന പാല്‍, ശര്‍ക്കര, വെളിച്ചെണ്ണ മറ്റ് ഭക്ഷ്യ എണ്ണകള്‍, പായസം മിക്‌സ്, പപ്പടം, നെയ്യ്, പയര്‍, പരിപ്പ്, പഴം പച്ചക്കറികള്‍ തുടങ്ങിയ ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാര പരിശോധനകള്‍, ബേക്കറി ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ യൂണിറ്റുകള്‍, പാല്‍, ഐസ് ക്രീം യൂണിറ്റുകള്‍, വെളിച്ചെണ്ണ നിര്‍മ്മാണ, പായ്ക്കിംഗ് യൂണിറ്റുകള്‍ തുടങ്ങിയ എല്ലാ ഭക്ഷ്യനിര്‍മ്മാണ കേന്ദ്രങ്ങളിലും ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡ് പരിശോധന നടത്തും. തട്ടുകടകള്‍, ഹോട്ടലുകള്‍, റെസ്റ്റാറന്റുകള്‍ എന്നിവിടങ്ങളിലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നും സ്‌ക്വാഡ് ഉറപ്പുവരുത്തും.

അന്യ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പാല്‍, മത്സ്യം ഭക്ഷ്യ എണ്ണകള്‍, പഴം പച്ചക്കറി എന്നിവ പരിശോധിക്കുന്നതിന് അന്തര്‍സംസ്ഥാന ചെക്ക് പോസ്റ്റുകളായ അമരവിള (തിരുവനന്തപുരം), ആര്യങ്കാവ് (കൊല്ലം), കുമിളി (ഇടുക്കി), വാളയാര്‍, മീനാക്ഷിപുരം (പാലക്കാട്) മഞ്ചേശ്വരം (കാസര്‍ഗോഡ്) എന്നിവിടങ്ങളില്‍ മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബുകളുടെ സേവനം ലഭ്യമാക്കും. ഗുണനിലവാരമില്ലാത്തതും മായം കലര്‍ന്നതുമായ പാല്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്ത് എത്തിക്കുന്നത് തടയാന്‍ ക്ഷീരവികസന വകുപ്പുമായി ചേര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കുന്നതാണ്.

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ തട്ടുകടകള്‍, ഹോട്ടലുകള്‍, റെസ്റ്റാറന്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. ഭക്ഷ്യവില്‍പ്പന നടത്തുന്ന ജീവനക്കാര്‍ തൊപ്പി, മാസ്‌ക് ഇവ ധരിക്കേണ്ടതും സാമൂഹിക അകലം പാലിച്ചും പൊതുജനങ്ങള്‍ക്ക് ഹാന്‍ഡ് വാഷ് അല്ലെങ്കില്‍ സാനിടൈസര്‍ എന്നിവ ലഭ്യമാക്കിയും പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് സ്‌ക്വാഡ് ഉറപ്പുവരുത്തും.

click me!