
തിരുവനന്തുപരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രത്യേക ഫണ്ട് സജ്ജമാകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ എല്ലാവരേയും അനുവദിക്കണമെന്നും സാലറി ചാലഞ്ച് പ്രതിപക്ഷത്തോട് ആലോചിക്കാതെയാണ് നടപ്പാക്കിയതെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നീ നേതാക്കൾ പങ്കെടുത്ത സംയുക്ത വാർത്താസമ്മേളനത്തിലാണ് ഈ ആവശ്യങ്ങൾ ഉന്നയിച്ചത്.
കേരളത്തിൻ്റെ ആരോഗ്യ മേഖല പുനർവിചിന്തനത്തിന് തയ്യാറാകണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തിൽ
ആരോഗ്യ പ്രവർത്തകർക്ക് മുന്നിൽ ശിരസ് നമിക്കുന്നു. സൗജന്യ റേഷൻ സമ്പന്നർക്ക് മാത്രമാണ് ഗുണം ചെയ്തതെന്നും സർക്കാർ ഇക്കാര്യത്തിൽ വെറുതെ മേനി നടിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
ധനകാര്യ മാനെജ്മെൻ്റ് പാളം തെറ്റിയ അവസ്ഥയിലാണ്. മുഖ്യമന്ത്രിയും ധനമന്ത്രിയും ധൂർത്ത് പുത്രൻമാരാണ്. സമ്മതപത്രത്തിലൂടെയുള്ള സാലറി ചാലഞ്ചേ പ്രതിപക്ഷം അനുവദിക്കൂ.മൊറട്ടോറിയം ഗുണം സാധാരണക്കാർക്ക് ലഭിക്കുന്നില്ല. അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ആശ്വാസം എത്തിക്കണം.
സന്നദ്ധ പ്രവർത്തനം നടത്താൻ എല്ലാവരെയും അനുവദിക്കണം. ഇക്കാര്യത്തിൽ രാഷ്ടീയ തരം തിരിവ് പാടില്ല. കേന്ദ്ര സഹായം നോക്കുമ്പോൾ സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി മെച്ചമാണ്. പ്രളയകാലവുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി മെച്ചത്തിലാണ്.
സർക്കാരാണ് ആദ്യം മുണ്ട് മുറുക്കി ഉടുക്കേണ്ടത്. കേരളത്തിൻ്റെ സാമ്പത്തിക തകർച്ചയുടെ ഉത്തരവാദിത്തം കോവിഡിന് മേൽ കെട്ടി വയ്ക്കരുത്. കോവിഡ് ഫണ്ട് വകമാറ്റി ചിലവഴിക്കുകയാണ് സർക്കാർ. എകെ ശശീന്ദ്രൻ്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസ് അണുവിമുക്തമാക്കാൻ അഞ്ച് ലക്ഷം നൽകിയത് ഇതിന് ഉദാഹരമാണ്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ചിലവാക്കുന്ന പണത്തിന് പ്രത്യേക അക്കൗണ്ട് വേണം. കാസർകോട് ആശുപത്രി നിർമ്മാണം പൂർത്തിയാകാത്തത് സർക്കാരിന്റെ അനാസ്ഥയാണ്. ഇപ്പോൾ മംഗലാപുരത്ത് പോകുന്നതിനിടെ ജീവൻ നഷ്ടപ്പെട്ടവരെ നമ്മുക്ക് രക്ഷിക്കാമായിരുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam