
പാലക്കാട്: പാലക്കാട് മരുതറോഡ് സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്‍ കൊലപാതക കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പാലക്കാട് ഡിവൈഎസ്‍പിയുടെ നേതൃത്വത്തിൽ 19 അംഗ സംഘം അന്വേഷിക്കും. രാഷ്ട്രീയ വിരോധം മൂലമാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്നാണ് എഫ് ഐ ആർ. കൊലപാതകത്തിന് പിന്നിൽ ബിജെപി അനുഭാവികളെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കൊലപാതകം രാഷ്ട്രീയ പ്രേരിതമാണോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നാണ് പാലക്കാട് എസ്പിയുടെ പ്രതികരണം.
ഷാജഹാന്‍റെ സുഹൃത്തും പാർട്ടി അംഗവുമായ സുകുമാരൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ എഫ്ഐആര്‍ പ്രകാരം കൊലയ്ക്ക് പിന്നിൽ എട്ട് ബിജെപി പ്രവർത്തകരെന്നാണ് ഉള്ളത്. ഷാജഹാന്‍ സിപിഎം നേതാവാണെന്ന് അറിഞ്ഞു തന്നെയാണ് ഷാജഹാനെ വെട്ടിയത്. വടിവാളു കൊണ്ട് ആദ്യം വെട്ടിയത് ഒന്നാം പ്രതി ശബരീഷാണ്. പിന്നീട് അനീഷ്. മറ്റ് ആറ് പ്രതികൾ കൊലയ്ക്ക് സഹായവുമായി ഒപ്പം നിന്നുവെന്നും റിപ്പോട്ടിൽ പറയുന്നു.എന്നാൽ രാഷ്ട്രീയ കൊലപാതകമാണെന്ന് കൂടുതൽ അന്വേഷണത്തിന് ശേഷമെ വ്യക്തമാകുവെന്നാണ് പൊലീസിൻ്റെ നിലപാട്.
ഷാജഹാന്‍റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് സിപിഎം വാദം. ക്രിമിനൽ പ്രവർത്തനം ചോദ്യം ചെയ്തത് കൊലപാതകത്തിന് പ്രേരണയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആരോപിക്കുന്നു. കൊലപാതകത്തിന് ശേഷം വ്യാജപ്രചാരണം അഴിച്ചുവിടുന്നത് കൊടും ക്രൂരതയാണെന്നും സിപിഎം കുറ്റപ്പെടുത്തുന്നു. ഷാജഹാന്‍റെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ അനുമോദിക്കാൻ വെച്ച ബോർഡ് ആര്‍എസ്എസ് എടുത്ത് മാറ്റി. പകരം ശ്രീകൃഷ്ണ ജയന്തി ബോർഡ് വെച്ചു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറയുന്നു. ഷാജഹാന്‍റെ കൊലപാതക കേസിലെ പ്രതികൾക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്നും പ്രസ്താവനയില്‍ ആരോപിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam