കാസര്‍കോട്ടെ കൊവി‍ഡിനെ തുരത്താൻ കോട്ടയത്തെ വിദഗ്ദ മെഡിക്കല്‍ സംഘം എത്തുന്നു

By Web TeamFirst Published Apr 11, 2020, 6:01 AM IST
Highlights

കൊവിഡ് രോഗികളെ ചികിത്സിച്ച ഡോക്ടര്‍മാരെയും നഴ്സുമാരെയുമാണ് പ്രത്യേക സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 15 ന് മെഡിക്കല്‍ ടീം കാസര്‍കോട് എത്തും

കോട്ടയം: കൊവിഡ് 19 രോ​ഗബാധിതർ ഏറെയുള്ള കാസര്‍കോട്ടേക്ക് അടുത്തഘട്ടത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ മെഡിക്കല്‍ സംഘം പോകും. കൊവിഡ് രോഗികളെ ചികിത്സിച്ച ഡോക്ടര്‍മാരെയും നഴ്സുമാരെയുമാണ് പ്രത്യേക സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 15 ന് മെഡിക്കല്‍ ടീം കാസര്‍കോട് എത്തും.

ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും പ്രായമുള്ള കൊവിഡ് രോഗികളെ പരിചരിച്ച് രോഗമുക്തരാക്കി ബഹുമതി കോട്ടയം മെഡിക്കല്‍ കോളേജിനാണ്. കൊവിഡ് ബാധിതരെ ചികിത്സിച്ച് ഭേദമാക്കിയ ഡോക്ടര്‍മാരുടെ ആത്മവിശ്വാസവും കൊവിഡ് ബാധിച്ച ഏത് ജില്ലയിലും പോകാൻ സന്നദ്ധരാണെന്ന കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്സുമാരുടെ ആഹ്വാനവും കൈമുതലുള്ള കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധസംഘമാണ് രണ്ടാം ഘട്ടതിൽ കാസര്‍കോട്ടേക്ക് പോകുന്നത്. തിരുവനന്തപുരത്ത് നിന്ന് എത്തിയ ടീമിന്‍റെ കാലാവധി അവസാനിക്കുന്ന മുറയ്ക്കായിരിക്കും കാസര്‍കോട്ടേക്ക് കോട്ടയം മെഡിക്കല്‍ ടീം പോകുക. 

അഞ്ച് അംഗങ്ങള്‍ വീതമുള്ള അഞ്ച് സംഘങ്ങളാണ് വിദഗ്ധ സംഘത്തിലുണ്ടാകുക. ഓരോ സംഘത്തിലും രണ്ട് ഡോക്ടര്‍മാര്‍, രണ്ട് നഴ്സുമാര്‍, ഒരു നഴ്സിംഗ് അസിസ്റ്റന്‍റ് എന്നിവരുണ്ട്. കാസര്‍കോട്ടേക്ക് പോകാൻ പലരും സ്വയം സന്നദ്ധരായാണ് എത്തിയത്. തിരുവനന്തപുരത്ത് നിന്ന് നിര്‍ദേശം ലഭിച്ചാല്‍ ഉടൻ അന്തിമ പട്ടിക തയ്യാറാക്കുമെന്ന് കോട്ടയം മെഡിക്കല്‍ കേളേജ് പ്രിൻസിപ്പല്‍ ഡോ. ജോസ് ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പുതുതായി ആരംഭിച്ച കാസര്‍കോട് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ചായിരിക്കും സംഘത്തിന്‍റെ പ്രവര്‍ത്തനം.

click me!