രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കാൻ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിക്കുന്നു.
കൊച്ചി/തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന മുൻ അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ ബലാത്സംഗ കേസിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഒരു ജനപ്രതിനിധിക്ക് എതിരെ ലൈംഗിക പീഡനം പോലുള്ള ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും, വസ്തുതകൾ പൂർണമായി പരിഗണിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നാണ് പ്രോസിക്യൂഷൻ്റെ പ്രധാന വാദം.സമൂഹത്തിൽ മാതൃകാപരമായി പെരുമാറേണ്ട ഒരു എം.എൽ.എക്കെതിരെയാണ് പരാതി. ഈ സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന നിലപാടിലാണ് സർക്കാർ.
എന്നാൽ പരാതിക്കാരിയുടെ രഹസ്യമൊഴിയും മറ്റ് തെളിവുകളും രാഹുലിനെതിരെയാണ്. ബലംപ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും, രക്ഷപ്പെടാൻ കരഞ്ഞു കാലുപിടിച്ചിട്ടും അതിജീവിതയെ ആക്രമിക്കുകയും ചെയ്തുവെന്ന് മൊഴിയിൽ പറയുന്നു.
രാഹുലിനെതിരെ ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ, അടക്കം ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.ജാമ്യം ലഭിച്ചാൽ പ്രതി കേസിൻ്റെ അന്വേഷണത്തെയും സാക്ഷികളെയും സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാധ്യതയുണ്ട്. ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞ രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സർക്കാർ കോടതിയെ അറിയിക്കും.
സെഷൻസ് കോടതിയുടെ ജാമ്യം: ഉപാധികൾ ഇങ്ങനെ
രണ്ടാമത്തെ കേസിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. രാഹുലിനെ അറസ്റ്റ് ചെയ്താൽ ഉടൻ ജാമ്യത്തിൽ വിടണം.അന്വേഷണവുമായി സഹകരിക്കണം: എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുത് എന്നും നിർദ്ദേശമുണ്ട്. ജാമ്യം ലഭിച്ചതോടെ ദിവസങ്ങളായി ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ പൊതുരംഗത്ത് പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ടെന്നാണ് സൂചന.


