
പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന് (kalpathy ratholsavam) പ്രത്യേക അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. രഥ പ്രയാണം ഉൾപ്പടെയുള്ള ചടങ്ങുകൾ നടത്തുന്നതിനാണ് അനുമതി. ഇതുസംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പു വെച്ചതോടെയാണ് നിയന്ത്രണങ്ങളോടെ ചടങ്ങുകൾ നടത്താൻ അനുമതിയായത്. ഇതോടെ രഥ പ്രയാണത്തിന് ചെറുരഥങ്ങൾ വലിക്കാൻ കഴിയും.
രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്കോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കോ രഥ പ്രയാണത്തിൽ പങ്കെടുക്കാം. എന്നാൽ പരമാവധി 200 പേർക്ക് മാത്രമേ അനുമതിയുള്ളൂ. ജില്ലാ ഭരണകൂടം രഥ പ്രയാണത്തിന് അനുമതി നിഷേധിച്ചതിനാൽ തൃശൂർ പൂരം മാതൃകയിൽ പ്രത്യേക അനുമതി ആവശ്യപ്പെട്ട് മലബാർ ദേവസ്വം ബോർഡ് സർക്കാരിനെ സമീപിച്ചിരുന്നു. ഇതിന് പുറമെ പാലക്കാട് നഗരസഭ രഥോത്സവത്തിന് പ്രത്യേക അനുമതി നല്‍കണം എന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു.
നഗരസഭാ അധ്യക്ഷയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നിവേദനം നൽകുകയും ചെയ്തിരുന്നു. 14, 15, 16 തിയതികളിലാണ് രഥോത്സവത്തിലെ പ്രധാന ചടങ്ങായ രഥ പ്രയാണം നടക്കുന്നത്. കൊവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ കൊല്ലം ആചാരം മാത്രമായാണ് രഥോത്സവം നടത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam