കോഴിക്കോട് നന്മണ്ടയിലെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. വെള്ളം കുടിച്ചതിന് ശേഷമാണ് വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടത്. തുടർന്ന് അത്തോളി സ്വദേശിയായ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി.
കോഴിക്കോട്: കുപ്പിവെള്ളത്തില്‍ നിന്നും ചത്ത പല്ലിയെ ലഭിച്ചതായി പരാതി. വെള്ളം കുടിച്ചതിനെ തുടര്‍ന്ന് യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി. കോഴിക്കോട് അത്തോളി സ്വദേശി റിഷി റസാഖാണ് പരാതിയുമായി രംഗത്തെത്തിയത്. നന്മണ്ടയിലെ ബേക്കറിയില്‍ നിന്നും വാങ്ങിയ കുപ്പി വെള്ളത്തിലാണ് ചത്ത പല്ലിയെ കണ്ടതായി പരാതി ഉയർന്നത്.
യാത്രക്കിടെ റിഷി റസാഖും കുടുംബവും ബേക്കറിയില്‍ നിന്നും വെള്ളം വാങ്ങിയിരുന്നു. ആദ്യം റിഷി റസാഖാണ് വെള്ളം കുടിച്ചത്. ശേഷം അഞ്ചുവയസ്സുള്ള കുട്ടിക്ക് നല്‍കാന്‍ ഒരുങ്ങവെ വെള്ളത്തിന് ദുര്‍ഗന്ധം അനുഭവപ്പെടുകയായിരുന്നു. പിന്നീട് പരിശോധിച്ചപ്പോഴാണ് കുപ്പിയുടെ അടിഭാഗത്തായി പല്ലിയെ ചത്തനിലയില്‍ കണ്ടതെന്ന് റിഷി പറയുന്നു. Heaven Cool എന്ന ബ്രാൻ്റഡ് കുപ്പി വെള്ളത്തിലാണ് ചത്ത പല്ലിയെ കണ്ടെത്തിയതെന്നും 2026 അഞ്ചാം മാസം വരെ കുപ്പിയില്‍ കാലാവധി ഡേറ്റ് പ്രിന്റ് ചെയ്തിട്ടുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കി. റിഷി റസാഖ് പിന്നീട് ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ആരോഗ്യ വകുപ്പില്‍ പരാതി നല്‍കുമെന്ന് യുവാവ് പറഞ്ഞു.


