ഷഹലയുടെ മരണം; അന്വേഷണത്തിന് പ്രത്യേക സംഘം

By Web TeamFirst Published Nov 23, 2019, 4:13 PM IST
Highlights

കുട്ടി മരിച്ച സംഭവത്തില്‍ ഇന്നലെ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു.  പ്രിന്‍സിപ്പാള്‍, വൈസ് പ്രിന്‍സിപ്പാള്‍, അധ്യാപകന്‍ ഷിജില്‍, താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ എന്നിവരാണ് പ്രതികള്‍.

വയനാട്: സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂള്‍ വിദ്യാര്‍ത്ഥി ഷഹ്‍ലയുടെ മരണം പ്രത്യേക സംഘം അന്വേഷിക്കും. മാനന്തവാടി എസി‍പി വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രതികള്‍ക്കെതിരെ ചുമത്തിയത് ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള ജാമ്യമില്ലാ വകുപ്പും മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാ കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്. കുട്ടി മരിച്ച സംഭവത്തില്‍ ഇന്നലെ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു.  പ്രിന്‍സിപ്പാള്‍, വൈസ് പ്രിന്‍സിപ്പാള്‍, അധ്യാപകന്‍ ഷിജില്‍, താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ എന്നിവരാണ് പ്രതികള്‍.

പ്രിൻസിപ്പാളിനെയും വൈസ്പ്രിൻസിപ്പാളിനെയും സസ്പെൻഡ് ചെയ്യുകയും സ്‍കൂളിന്‍റെ പിടിഎ കമ്മിറ്റി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പിരിച്ചുവിടുകയും ചെയ്‍തിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ എ കെ കരുണാകരൻ, ഹൈസ്‍കൂളിന്‍റെ ചുമതലയുള്ള വൈസ് പ്രിൻസിപ്പാൾ കെ കെ മോഹനൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ അനാസ്ഥ കാണിച്ചെന്ന് ആരോപണവിധേയനായ അധ്യാപകന്‍ ഷിജിലിനെ നേരത്തെ തന്നെ സസ്പെൻ‍ഡ് ചെയ്തിരുന്നു. കുട്ടിയ്ക്ക് പാമ്പുകടിയേറ്റെന്ന് പറഞ്ഞിട്ടും, ആശുപത്രിയിലെത്തിക്കാൻ ഷിജിൽ എന്ന സയൻസ് അധ്യാപകൻ തയ്യാറായില്ല എന്ന് വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. 

click me!