സെക്രട്ടേറിയേറ്റിലെ തീപിടിത്തം: ഉദ്യോഗസ്ഥ സംഘവും പൊലീസും ഉടൻ അന്വേഷണ റിപ്പോർട്ട് നൽകും

By Web TeamFirst Published Aug 26, 2020, 5:54 AM IST
Highlights

തീ പിടിത്തം അട്ടിമറിയാണോ എന്ന ആക്ഷേപമാണ് പ്രധാനമായും പരിശോധിക്കുന്നത്. ഏതൊക്കെ ഫയലുകളാണ് നശിച്ചതെന്ന് അറിയാൻ ഉദ്യോഗസ്ഥരെ മൊഴി രേഖപ്പെടുത്തും. 

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിൽ ഉദ്യോഗസ്ഥ സംഘവും പൊലീസും ഉടൻ അന്വേഷണ റിപ്പോർട്ട് നൽകും. അതേസമയം തീപിടിത്തം ഉണ്ടായതിന് പിന്നാലെ ബിജെപി നേതാക്കളും പ്രവർത്തകരും സെക്രട്ടറിയേറ്റിൽ പ്രവേശിച്ചതിൽ പൊലീസിന് വീഴ്ച പറ്റിയതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി.

തീപിടുത്തം വൻ വിവാദമായതോടെയാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. ലോക്കൽ പൊലീസിൽ നിന്നും രാത്രി തന്നെ അന്വേഷണം എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഏല്പിച്ചു. ഒപ്പം ദുരന്ത നിവാരണവിഭാഗം കമ്മീഷണർ എ കൗശികന്‍റെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘത്തെയും നിയോഗിച്ചു. പൊലീസ് സംഘം സെക്രട്ടറിയേറ്റിൽ ഇന്നലെയെത്തി പരിശോധന തുടങ്ങി. എഡിജിപി മനോജ് എബ്രഹാമും ഐജി പി വിജയനും ഇന്ന് സെക്രട്ടറിയേറ്റിലെത്തി പരിശോധിക്കും. ഫോറൻസിക് പരിശോധനാ ഫലം വേഗത്തിൽ ലഭ്യമാക്കും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്‍റെയും പരിശോധനാ റിപ്പോർട്ടും വൈകില്ല. തീപിടിത്തം അട്ടിമറിയാണോ എന്ന ആക്ഷേപമാണ് പ്രധാനമായും പരിശോധിക്കുന്നത്. ഏതൊക്കെ ഫയലുകളാണ് നശിച്ചതെന്ന് അറിയാൻ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തും. കേടായ സീലിംഗ് ഫാൻ ഉള്ള ഭാഗത്തുനിന്നാണ് തീ പടർന്നത്. 

അതിനിടെ തീപിടിത്തത്തിന് പിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്‍റെ അടക്കമുള്ളവർ സെക്രട്ടറിയേറ്റിനുള്ളിൽ കയറി പ്രതിഷേധിച്ചതിൽ പൊലീസിനും സുരക്ഷആ ജീവനക്കാർക്കും വീഴ്ചയുണ്ടായെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് പ്രാഥമിക റിപ്പോർട്ട്. അതിനിടെ സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് പ്രത്യേക ഫയർസ്റ്റേഷൻ വേണമെന്ന ആവശ്യം വീണ്ടും സജീവമാകുന്നു. മൂന്ന് വർഷം മുമ്പ് ഇത്തരമൊരും നിർദ്ദേശം ഉയർന്നെങ്കിലും വാഹനങ്ങൾ ഇടാൻ സൗകര്യമില്ലാത്തത് കൊണ്ട് ഉപേക്ഷിക്കുകയായിരുന്നു. നിലവിൽ ഒരു ഫയർ ഓഫീസറും രണ്ട് ഫയർമാൻമാരും സെക്രട്ടറിയേറ്റിലുണ്ട്. ഇന്നലെ തീപിടുത്തം ഉണ്ടായപ്പോൾ രണ്ട് ഫയർമാൻമാർക്ക് ആദ്യഘട്ടത്തിൽ ഒന്നും ചെയ്യാനായില്ല. ഈ ഫയലിംഗ് സംവിധാനം നിലവിൽ വന്നിട്ടും പലഫയലുകളും രേഖകളായി ഇപ്പോഴും സെക്രട്ടറിയേറ്റിൽ സൂക്ഷിക്കുന്നുണ്ട്.

പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ ഓഫീസിൽ ഉണ്ടായ തീപിടിത്തം അട്ടിമറി നീക്കമാണെന്നാരോപിച്ച് യുഡിഎഫ് ഇന്ന് കരി ദിനം ആചരിക്കും. സ്വർണകടത്ത് കേസന്യേഷണവുമായി ബന്ധപ്പെട്ട രേഖകളാണ് നശിച്ചതെന്നും തെളിവ് നശിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമമാണുണ്ടായെന്നും ആരോപിച്ച് സംസ്ഥാനവ്യാപകമായാണ് യുഡിഎഫ് കരിദിനം ആചരിക്കുന്നത്. അതേസമയം ബിജെപി ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും.

click me!