Latest Videos

പാലക്കാട് സഹകരണ ബാങ്ക് കവർച്ച കേസ്; പ്രത്യേക സംഘം അന്വേഷിക്കും

By Web TeamFirst Published Jul 26, 2021, 5:10 PM IST
Highlights

മരുതറോഡ് സഹകരണ റൂറൽ ക്രെഡിറ്റ് സൊസൈറ്റിയില്‍ നിന്ന് ഏഴര കിലോ സ്വർണവും പതിനെണ്ണായിരം രൂപയുമാണ് കവർച്ച പോയത്. സ്ട്രോംഗ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്താണ് സ്വർണ്ണവും പണവും കവർന്നത്.

പാലക്കാട്: പാലക്കാട് നഗരത്തോട് ചേർന്ന സഹകരണ ബാങ്കിലെ കവർച്ച അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. പാലക്കാട് ഡിവൈഎസ്പി  ശശി കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. മരുതറോഡ് സഹകരണ റൂറൽ ക്രെഡിറ്റ് സൊസൈറ്റിയില്‍ നിന്ന് ഏഴര കിലോ സ്വർണവും പതിനെണ്ണായിരം രൂപയുമാണ് കവർച്ച പോയത്.

രണ്ട് ദിവസത്തെ അവധിയ്ക്ക് ശേഷം ബാങ്കിലെത്തിയപ്പോഴാണ് ജീവനക്കാർ മോഷണവിവരം അറിയുന്നത്. സൊസൈറ്റിയുടെ രണ്ടാമത്തെ ഷട്ടർ തുറന്ന് ഗ്ലാസ് പൊട്ടിച്ചാണ് കവർച്ചാ സംഘം അകത്ത് കടന്നത്. സ്ട്രോംഗ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്താണ് സ്വർണ്ണവും പണവും കവർന്നത്. ഏഴര കിലോ സ്വർണവും 18,000 രൂപയും കവര്‍ച്ച പോയതായി ബാങ്ക് സെക്രട്ടറി പറഞ്ഞു. ലോക്കറിൽ ഉണ്ടായിരുന്ന വിലപ്പെട്ട വസ്തുക്കളെല്ലാം കവർച്ചക്കാർ കൊണ്ട് പോയെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.

ബാങ്കിന്‍റെ അലാറം സിസ്റ്റത്തിലേയ്ക്കുള്ള കേബിൾ മുറിച്ചിരുന്നു. സിസിടിവിയുടെ മെമ്മറി കാർഡും കവർച്ചാ സംഘം കൊണ്ടുപോയി. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!