സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദക്കേസ്, അന്വേഷണത്തിന് പ്രത്യേക സംഘം

By Web TeamFirst Published Jul 14, 2020, 2:22 PM IST
Highlights

ഇന്നലെയാണ് കന്റോൺമെന്റ് പൊലീസ് കേസടുത്തത്. കെഎസ്ഐടിഎൽ എംഡി ഡോ. ജയശങ്കർ പ്രസാദിന്റെ പരാതിയിലാണ് സ്വപ്നയ്ക്കെതിരെയും സ്വപ്നയെ നിയമിച്ച പിഡബ്ല്യൂസി, സ്വപ്നയെ തെരഞ്ഞെടുത്ത വിഷൻ ടെക്നോളജി എന്നീ സ്ഥാപനങ്ങൾക്കെതിരെയും പൊലീസ് കേസെടുത്തത്.

തിരുവനന്തപരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദക്കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം. കന്റോൺമെന്റ് അസി കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇന്നലെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്വപ്നയ്ക്കെതിരെ കേസടുത്തത്. കെഎസ്ഐടിഎൽ എംഡി ഡോ. ജയശങ്കർ പ്രസാദിന്റെ പരാതിയിലാണ് സ്വപ്നയ്ക്കെതിരെയും സ്വപ്നയെ നിയമിച്ച പിഡബ്ല്യൂസി, സ്വപ്നയെ തെരഞ്ഞെടുത്ത വിഷൻ ടെക്നോളജി എന്നീ സ്ഥാപനങ്ങൾക്കെതിരെയും പൊലീസ് കേസെടുത്തത്. വ്യാജരേഖ, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. 

ഏറെ വിവാദങ്ങൾക്കൊടുവിലാണ് സ്വപ്നയുടെ നിയമനത്തെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ തയാറായത്. യുഎഇ കോൺസുലേറ്റിൽ നിന്നും പുറത്താക്കിയ സ്വപ്നയ്ക്ക് വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലാഞ്ഞിട്ടും ഐടി വകുപ്പിന് കീഴിൽ പ്രധാന പദവി ലഭിച്ചതിന് പിന്നിൽ ഉന്നത ഇടപെടൽ ഉണ്ടെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെ നിയമത്തിനായി സ്വപ്ന സമർപ്പിച്ച രേഖകൾ വ്യാജമാണോയെന്ന സംശയം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. 

സ്വപ്നയുടെ ബികോം സർട്ടിഫിക്ക് വ്യാജമാണെന്ന് മഹാരാഷ്ട്രയിലെ ബാബാ അംബേദ്കർ സർവകലാശാല അധികൃതർ വ്യക്തമാക്കിയതോടെ നിയമനത്തിന് പിന്നിലെ ദുരൂഹയേറി. സ്പേസ് പാർക്കിന്റെ കൺസൽട്ടന്റായ പിഡബ്യൂസിയാണ് മാൻപവർ റിക്രൂട്ട്മെന്റ് കമ്പനിയായ വിഷൻ കെട്നോളജി വഴി സ്വപ്നയെ നിയമിക്കുന്നത്. അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയാൽ പിഡബ്യൂസിക്കെതിരെയും നടപടിയുണ്ടാകും. 

അതേസമയം സ്വര്‍ണ്ണക്കടത്ത് കേസിൽ സ്വപ്നയിൽ നിന്നും സന്ദീപിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ ഇൻകം ടാക്സ് സംഘം എന്‍ഐഎ ഓഫീസിലെത്തിയതായാണ് വിവരം. ഇരുവരുടെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് പരിശോധന നടത്തുക. സ്വര്‍ണക്കടത്ത് കേസിൽ നിര്‍ണായകബന്ധമുള്ള രണ്ട് പ്രതികളാണ് സ്വപ്നയും സന്ദീപും എന്നാണ് എന്‍ഐഎ കോടതിയെ അറിയിച്ചത്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇവര്‍ സ്വര്‍ണക്കടത്ത് നടത്തിയതെന്നാണ് വിവരം. 

 

 

 

click me!