
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിന്‍റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ എസ്ഐയെ സസ്പെന്‍റ് ചെയ്തു. മ്യൂസിയം സ്റ്റേഷനിലെ ക്രൈം എസ്ഐ ജയപ്രകാശിനെയാണ് സസ്പെന്റ് ചെയ്തത്. ജയപ്രകാശിന് വീഴ്ചയുണ്ടായെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. അതേസമയം, കേസന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി.
എ ഡി ജി പി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസിന്‍റെ അന്വേഷണം കൈമാറിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ലോക്കല്‍ പൊലീസും അടങ്ങുന്നതാണ് പുതിയ സംഘം. എസ്പി ഷാ നവാസ്, അസി. കമ്മീഷണർ ഷീൻ തറയിൽ, രണ്ട് സിഐമാർ എന്നിവര്‍ സംഘത്തിലുണ്ട്. അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്നതും പ്രത്യേക സംഘം പരിശോധിക്കും.
അതേസമയം, റിമാന്‍ഡിലായ ശ്രീറാം വെങ്കിട്ടരാമനെ സർവേ ഡയറക്ടർ സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്തു. ചീഫ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പത്ത് വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന 304-ാം വകുപ്പ് ചേര്‍ത്താണ് ശ്രീറാമിനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. അതിനിടെ, ശ്രീറാം വെങ്കട്ടരാമന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്ന രാസപരിശോധനാ റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബില്‍ നടത്തിയ രക്തപരിശോധനയുടെ ഫലം ഇന്നുച്ചയ്ക്കാണ് പൊലീസിന് കൈമാറിയത്.
Also Read: ശ്രീറാം വെങ്കിട്ടരാമന് സസ്പെന്‍ഷന്‍; സര്‍വ്വേ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും നീക്കി
ഇതിനിടെ, ശ്രീറാം വെങ്കിട്ടരാമനൊപ്പം, അപകടമുണ്ടാക്കിയ കാറില്‍ സഞ്ചരിച്ച വഫ ഫിറോസിന്‍റെ രഹസ്യമൊഴി പുറത്തുവന്നു. അമിതവേഗത്തിൽ വാഹനമോടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കൊലപ്പെടുത്തിയ സമയത്ത് ശ്രീറാം മദ്യപിച്ച് അമിത വേഗത്തിൽ വാഹനം ഓടിച്ചെന്ന് വഫ ഫിറോസിന്‍റെ രഹസ്യമൊഴി. വേഗത കുറയ്ക്കാൻ പലവട്ടം ആവശ്യപ്പെട്ടിട്ടും ശ്രീറാം അതിന് തയ്യാറായില്ലെന്നാണ് വഫ കോടതിക്ക് മുന്നിൽ രഹസ്യമൊഴി നല്‍കിയിരിക്കുന്നത്.
Also Read: 'ശ്രീറാം മദ്യപിച്ചാണ് വാഹനമോടിച്ചത്'; വഫയുടെ രഹസ്യമൊഴി പുറത്ത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam