തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനൊപ്പം, അപകടമുണ്ടാക്കിയ കാറില്‍ സഞ്ചരിച്ച വഫ ഫിറോസിന്‍റെ രഹസ്യമൊഴി പുറത്ത്. അമിതവേഗത്തിൽ വാഹനമോടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കൊലപ്പെടുത്തിയ സമയത്ത് ശ്രീറാം മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നാണ് വഫ ഫിറോസിന്‍റെ രഹസ്യമൊഴി. കോടതിക്ക് മുന്നിൽ സ്വതന്ത്രമായി നൽകിയ മൊഴിയിലാണ് വഫ ഇക്കാര്യം വെളിപ്പെടുത്തിയത്.

ശ്രീറാം മദ്യപിച്ച് അമിത വേഗത്തിൽ വാഹനം ഓടിച്ചെന്ന് വഫ ഫിറോസിന്‍റെ രഹസ്യമൊഴി. വേഗത കുറയ്ക്കാൻ പലവട്ടം ആവശ്യപ്പെട്ടിട്ടും ശ്രീറാം അതിന് തയ്യാറായില്ലെന്നാണ് വഫ കോടതിക്ക് മുന്നിൽ രഹസ്യമൊഴി നല്‍കിയിരിക്കുന്നത്. കവടിയാർ പാർക്കിൽ നിന്നാണ് ശ്രീറാം കാറിൽ കയറിയതെന്നും കഫേ കോഫി ഡേയുടെ സമീപം എത്തിയപ്പോള്‍ വാഹനം നിർത്തി ശ്രീറാം ഡ്രൈവിംഗ് സീറ്റിൽ കയറിയെന്നും വഫയുടെ രഹസ്യമൊഴിയില്‍ പറയുന്നു. ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും അപകടം സംഭവിച്ചിരുന്നുവെന്നും രഹസ്യമൊഴിയില്‍ വഫ ഫിറോസ് പറഞ്ഞു. 

സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീര്‍ മരണപ്പെട്ട വാഹനാപകടത്തില്‍ അപകടമുണ്ടാക്കിയ കാര്‍ വഫയുടേതാണ്. ഈ കാറിന്‍റെ രജിസ്ട്രേഷനും ശ്രീറാമിന്‍റെ ലൈസന്‍സും പൊലീസ് റദ്ദാക്കിയിട്ടുണ്ട്. കേസില്‍ അപകടകരമായ ഡ്രൈവിംഗിനെ പ്രോത്സാഹിപ്പിച്ചു എന്ന് കാണിച്ച് വഫയ്ക്ക് എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. 

അതേസമയം, റിമാന്‍ഡിലായ ശ്രീറാം വെങ്കിട്ടരാമനെ സർവേ ഡയറക്ടർ സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്തു. ചീഫ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പത്ത് വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന 304-ാം വകുപ്പ് ചേര്‍ത്താണ് ശ്രീറാമിനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. 

Also Read: ശ്രീറാം വെങ്കിട്ടരാമന് സസ്പെന്‍ഷന്‍; സര്‍വ്വേ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും നീക്കി