തിരുവനന്തപുരം/ദില്ലി: സാമ്പത്തിക പ്രതിസന്ധിക്കിടെ ദില്ലിയിൽ കേരള സർക്കാറിന്‍റെ പ്രത്യേക പ്രതിനിധി എ സമ്പത്തിന് ഔദ്യോഗിക വസതിയും വാഹനവും അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. നിലവിൽ ദില്ലി കേരള ഹൗസിലാണ് സമ്പത്തിന്‍റെ ഓഫീസ് പ്രവർത്തിക്കുന്നത്. സമ്പത്തിനായി അനുവദിച്ച നാലു ജീവനക്കാരുടെ താമസവും കേരള ഹൗസിലാണ്. ജീവനക്കാർ ഇവിടെ അനധികൃതമായി താമസിക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാറിന്‍റെ പുതിയ ഉത്തരവ്.
മുൻ എംപി എ സമ്പത്തിന് കാബിനറ്റ് റാങ്കോടെയാണ് ദില്ലിയിൽ സർക്കാർ നിയമനം നൽകിയത്. ദില്ലി കേരള ഹൗസിൽ സംസ്ഥാന സർക്കാറിന്‍റെ പ്രത്യേക പ്രതിനിധിയായാണ് നിയമനം നൽകിയത്. ഖജനാവിൽ നിന്നും 'സമ്പത്ത്' ചോർത്തുന്ന തീരുമാനമാണിതെന്ന് അന്നേ ആരോപണം ഉയർന്നിരുന്നതാണ്.
സംസ്ഥാന മന്ത്രിക്ക് അർഹമായ ആനുകൂല്യങ്ങളോടെയാണ് നിയമനം. കേരള ഹൗസിൽ ഓഫീസ്. ഒരു പ്രൈവറ്റ് സെക്രട്ടറി, രണ്ട് അസിസ്റ്റന്‍റുമാർ, ഒരു ഓഫീസ് അസിസ്റ്റന്‍റ്, പിന്നെ വാഹനവും ഡ്രൈവറും - ഇങ്ങനെ നാല് സ്റ്റാഫ് അടക്കമാണ് സമ്പത്തിന് അനുവദിച്ചത്. ഈ സർക്കാറിന്‍റെ കാലാവധി തീരും വരെയാണ് നിയമനം.
നാല് സ്റ്റാഫിന്‍റെ ശമ്പളയിനത്തിൽത്തന്നെ മാസം ലക്ഷം കവിയുന്ന തുക സംസ്ഥാനസർക്കാരിന്‍റെ ഖജനാവിൽ നിന്ന് ചെലവാകുന്നുണ്ട്. അതിന് പിന്നാലെ ദില്ലിയിൽ ഭരണസിരാ കേന്ദ്രത്തിന് തൊട്ടടുത്ത് ഒരു വീടും ഓഫീസും വാടകയ്ക്ക് എടുത്ത് പ്രവർത്തിക്കുകയാണെങ്കിൽ അതിനും വർഷം ലക്ഷങ്ങൾ ചെലവാകും. ചുരുക്കത്തിൽ വർഷം ലക്ഷങ്ങളുടെ അധികച്ചെലവ് സംസ്ഥാനത്തിന് വരുത്തിവയ്ക്കുന്നതാണ് ഈ തീരുമാനം.
ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ, മുന്നോക്ക ക്ഷേമ കോർപ്പറേഷൻ അധ്യക്ഷൻ, ചീഫ് വിപ്പ് - ഇപ്പോൾ ദില്ലിയിലെ പ്രത്യേക പ്രതിനിധിയും പിന്നാലെ പ്രത്യേക ഓഫീസും വസതിയും. സാമ്പത്തിക ഞെരുക്കകാലത്ത് കാബിനറ്റ് പദവിയുള്ള തസ്തികകളുടെ എണ്ണവും അവയ്ക്കുള്ള സൗകര്യങ്ങളും കൂടുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam