
കൊച്ചി: നട്ടെല്ല് വളയുന്ന അസുഖത്തെ തുടർന്ന് പഠനം വഴിമുട്ടിയ അവസ്ഥയിലാണ് കാലടി യോർദ്ധനാപുരത്തെ ഒൻപതാം ക്ലാസുകാരി നവനീത. ശസ്ത്രക്രിയ മാത്രമാണ് അസുഖം മാറാനുള്ള വഴിയെന്ന് ഡോക്ടർമാർ പറഞ്ഞതോടെ എങ്ങനെയും പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് കൂലിപ്പണിക്കാരായ മാതാപിതാക്കൾ. ശസ്ത്രക്രിയയ്ക്ക് മാത്രം നാല് ലക്ഷത്തോളം രൂപ ചെലവ് വരും.
പഠിക്കാൻ മിടുക്കിയാണ് ഒൻപതാം ക്ലാസുകാരി നവനീത. നന്നായി നൃത്തം ചെയ്യും. പക്ഷേ കുറച്ചുകാലമായി ഒന്നിനും പറ്റുന്നില്ല. അധികസമയം നിൽക്കാനോ ഇരിക്കാനോ കഴിയില്ല. ഉറങ്ങാനാകില്ല. കമിഴ്ന്നുകിടന്നാലേ വായിക്കാനാകൂ. നട്ടെല്ല് വളയുന്ന അസുഖമാണ് കാരണം. അസുഖം മാറാൻ ശസ്ത്രക്രിയ മാത്രമാണ് വഴി എന്നാണ് നവനീതയുടെ അമ്മ പറയുന്നത്. അമൃത ആശുപത്രിയിൽ സെപ്റ്റംബർ 15ന് ശസ്ത്ര ക്രിയ നിശ്ചയിച്ചിട്ടുണ്ട്. ശസ്ത്രക്രിയക്ക് നാല് ലക്ഷത്തോളം രൂപ ചെലവ് വരും. കൂലിപ്പണി ചെയ്ത് അന്നന്നത്തെ കാര്യങ്ങൾ നീക്കുന്ന രാജിനും സുജിതയ്ക്കും ആ പണം എങ്ങനെ കണ്ടെത്തുമെന്നറിയില്ല.
പഴയതുപോലെ ഓടിച്ചാടി നടക്കാനും നൃത്തം ചെയ്യാനുമൊക്കെ മോഹമുണ്ട് നവനീതയ്ക്ക്. പക്ഷേ ശസ്ത്രക്രിയയും തുടർചികിത്സയുമൊക്കെ എങ്ങനെയെന്ന് ഒരു രൂപവുമില്ല രാജിനും സുജിതയ്ക്കും. നവനീതയുടെ ചികിത്സയ്ക്കായി നാട്ടുകാർ സഹായധനം സ്വരൂപിച്ചുതുടങ്ങിയിട്ടുണ്ട്. സുമനസുകൾ സഹായവുമായി എത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം.