Latest Videos

സ്പ്രിംക്ലറിൽ സർക്കാർ ഒളിച്ചുകളി തുടരുന്നു; വിവര ശേഖരണത്തിലും ഒഴിവാക്കലിലും അവ്യക്തത

By Web TeamFirst Published May 22, 2020, 7:23 AM IST
Highlights

സ്പ്രിംക്ലർ ഇതുവരെ നടത്തിയ അനാലിസിസ് എന്താണെന്ന് സർക്കാർ തുറന്ന് പറയുന്നില്ല. രോഗികളുടെ പ്രതിദിന കണക്ക് അല്ലാതെ മറ്റൊരു വിവരങ്ങളും കൂടുതായി സർക്കാർ പുറത്ത് വിട്ടിട്ടില്ല. 

തിരുവനന്തപുരം: കൊവിഡ് വിവരശേഖരണത്തിൽ നിന്നും സ്പ്രിംക്ലറിനെ ഒഴിവാക്കിയെന്ന് സർക്കാർ സത്യവാങ്മൂലം നൽകുമ്പോഴും പല കാര്യങ്ങളിലും ഇപ്പോഴും അവ്യക്തത തുടരുന്നു. സ്പ്രിംക്ലർ ഇതുവരെ നടത്തിയ വിവര വിശകലനം എന്താണെന്നും കമ്പനി ഇല്ലാതെ പറ്റില്ലെന്ന നിലയിൽ നിന്നും എന്ത് കൊണ്ടാണ് കമ്പനിയെ ഒഴിവാക്കിയതെന്നും സർക്കാർ വിശദീകരിക്കുന്നില്ല.

കൊവിഡ് വിവരശേഖരണത്തിൽ സ്പ്രിംക്ലർ ഇല്ലാതെ പറ്റില്ലെന്ന നിലയിൽ നിന്നാണ് സർക്കാറിന്റെ മനംമാറ്റം. സാസ് അഥവാ സോഫ്റ്റ് വെയർ ആസ് സർവ്വീസ് എന്ന നിലക്ക് അവരുടെ സോഫ്റ്റ് വെയറും സേവനവും ബിഗ് ഡാറ്റാ അനാലിലിസിന് വേണമെന്നായിരുന്നു സർക്കാറിന്റെ നിർബന്ധം. അവിടെ നിന്നാണിപ്പോൾ  സോഫ്റ്റ് വെയർ ആസ് പ്രൊഡക്ട് എന്ന നിലയിലേക്കുള്ള മാറ്റം. 

അതായത്, സർക്കാറിന്റെ പുതിയ സത്യവാങ്മൂല പ്രകാരം ആർക്കും സ്പ്രിംക്ലർ സോഫ്റ്റ് വെയർ ഉപയോ​ഗിച്ച് വിശകലനം നടത്താമെന്നായി. ബിഗ് ഡാറ്റാ അനാലിസിസ് അതിസങ്കീർണ്ണമായ പ്രക്രിയ ആണെന്ന് ധനമന്ത്രി അടക്കം പറഞ്ഞപ്പോൾ അത് ഒരു മാസം കൊണ്ട് സി ഡിറ്റ് ജീവനക്കാർക്ക് നേടിയെടുക്കാൻ കഴിയുന്നതാണോ എന്നത് വിവരിക്കുന്നില്ല. സ്പ്രിംക്ലർ ഇതുവരെ നടത്തിയ അനാലിസിസ് എന്താണെന്നും സർക്കാർ തുറന്ന് പറയുന്നില്ല. രോഗികളുടെ പ്രതിദിന കണക്ക് അല്ലാതെ മറ്റൊരു വിവരങ്ങളും കൂടുതലായി സർക്കാർ പുറത്ത് വിട്ടിട്ടില്ല. 

അതായത്, വിവരശേഖരണത്തിൽ സ്വകാര്യത ഉറപ്പാക്കണമെന്നതടക്കം കഴിഞ്ഞ മാസം 24 ന് ഹൈക്കോടതി കർശന ഉപാധികൾ വെച്ച ശേഷം ഇതുവരെയുള്ള സർക്കാർ നടപടികളിൽ ആശയക്കുഴപ്പങ്ങൾ ഏറെ. ചുരുക്കത്തിൽ വ്യക്തിഗതമായ കാര്യങ്ങൾ ഒഴിവാക്കി വേണം വിവരങ്ങൾ നൽകാനെന്ന കോടതി നിർദ്ദേശം തന്നെയാണ് കൊട്ടിഘോഷിച്ച വിശകലനത്തിൽ നിന്നും സ്പ്രിംക്ലറെ മാറ്റിനിർത്താനുള്ള കാരണമെന്ന് വ്യക്തം. അതോ കോടതി കടുപ്പിച്ചപ്പോൾ സ്പ്രിംക്ലർ തന്നെ പിന്മാറിയതാണോ എന്നും വ്യക്തമല്ല. പിന്മാറ്റം ചേർത്ത് കരാർ വ്യവസ്ഥ പുതുക്കിയോ എന്നും അറിയില്ല. അതായത് സ്പ്രിംക്ലറിനെ തെരഞ്ഞെടുത്തത് പോലെ ഒഴിവാക്കലിലും ദുരൂഹത തീരുന്നില്ല.

click me!