ആവിയായി സ്പ്രിംക്ലർ, ഒടുവില്‍ സോഫ്റ്റ്‍‍വെയര്‍ ഉപേക്ഷിച്ച് കേരളം

By Web TeamFirst Published Sep 24, 2020, 11:34 AM IST
Highlights

ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന സ്പ്രിംക്ലറിന്‍റെ സോഫ്ട് വെയർ ഒരു തവണ പോലും കൊവിഡ് പ്രതിരോധത്തിന് ഉപയോഗിച്ചിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. 

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന് സംസ്ഥാന സർക്കാർ ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന സ്പ്രിംക്ലർ സോഫ്ട് വെയർ സർക്കാർ തന്നെ വേണ്ടെന്ന് വച്ചു. കമ്പനിയുമായുള്ള 6 മാസത്തെ കരാർ ഇന്ന് അവസാനിക്കവേയാണ് കരാർ തുടരേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സംസ്ഥാന സർക്കാർ എത്തിയത്. സംസ്ഥാനത്തിന് ആറ് മാസം സ്പ്രിംക്ലർ കമ്പനി സൌജന്യ സേവനം നൽകുമെന്നും അത് ശേഷം കൂടുതൽ സേവനങ്ങൾ ആവശ്യമെങ്കിൽ സംസ്ഥാനം ആവശ്യപ്പെട്ടാൽ തുടരാമെന്നും ഇതിന് ഒരു നിശ്ചിത നിരക്ക് ഈടാക്കുമെന്നുമായിരുന്നു നേരത്തെ കരാരിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ ആറ് മാസം പൂർത്തിയായതോടെ ഇനി സ്പ്രിംക്ലറുമായി സഹകരണം തുടരേണ്ടതില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. 

കൊവിഡ് കാലത്ത് സംസ്ഥാന സർക്കാരിനെ ഏറെ പ്രതിരോധത്തിലാക്കിയ കരാറായിരുന്നു സ്പ്രിംക്ലർ. എന്നാൽ ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന സ്പ്രിംക്ലറിന്‍റെ സോഫ്ട് വെയർ ഒരു തവണ പോലും കൊവിഡ് പ്രതിരോധത്തിന് ഉപയോഗിച്ചിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ആദ്യ ഘട്ടത്തിൽ ഒന്നേമുക്കാൽ ലക്ഷത്തോളം രോഗികളുടെ വിവരങ്ങളായിരുന്നു ശേഖരിച്ചിരുന്നത്. പിന്നീട് കരാർ വിവാദമാകുകയും ഹൈക്കോടതി ഇടപെട്ട് ശേഖരിച്ച വിവരങ്ങൾ സി-ഡിറ്റിന് കൈമാറാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സി-ഡിറ്റോ  സ്പ്രിംക്ലറോ ഇതുവരേയും വിവരങ്ങളുടെ ഫലപ്രദമായ യാതൊരു ഉപയോഗവും നടത്തിയിട്ടില്ലെന്നാണ് വിവരം. ഫലത്തിൽ കോടികൾ ചിലവിട്ട കരാർ വെറുതെയായെന്ന് ചുരുക്കം. 

click me!