ആദായ നികുതി പരിശോധന സാധാരണ നടപടിയുടെ ഭാഗമാണെന്നും കമ്പനി പൂര്‍ണമായും സഹകരിച്ചിരുന്നുവെന്നും കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് എംഡി ടിഎ ജോസഫ്. സിജെ റോയിയുടെ മരണത്തിനുശേഷം ചില യൂട്യൂബേഴ്സ് കുടുംബം തകര്‍ക്കുന്ന രീതിയിൽ മോശം വാര്‍ത്ത നൽകുകയാണെന്നും ടിഎ ജോസഫ്
കൊച്ചി: കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ചെയര്‍മാൻ ഡോ. സിജെ റോയിയുടെ മരണത്തിന് പിന്നാലെ പല യൂട്യൂബര്‍മാരും കുടുംബം തകര്‍ക്കുന്ന രീതിയിൽ മോശമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് എംഡി ടിഎ ജോസഫ്. ഇത്തരത്തിൽ വേട്ടയാടുന്നത് വളരെ മ്ലേച്ചകരമായ കാര്യമാണ്. എല്ലാ ദിവസവും ആഘോഷിക്കുന്നതാണ് സിജെ റോയിയുടെ രീതി. ഒരുതരത്തിലുള്ള തെറ്റായ കാര്യങ്ങളും കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ചെയ്തിട്ടില്ലെന്ന് ഇവിട എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. സിജെ റോയിയുടെ മരണത്തിനുശേഷം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് വളരെ മോശമായ കാര്യമാണ്. സാധാരണ നടപടികളുടെ ഭാഗമായാണ് ആദായ നികുതി പരിശോധന നടന്നത്. ഇതുപോലെ ജിഎസ്‍ടി ഉദ്യോഗസ്ഥരുടെ പരിശോധനയും നടക്കാറുണ്ട്. ആദായ നികുതി വകുപ്പിന്‍റെ പരിശോധനകളുമായി പൂര്‍ണമായും സഹകരിച്ചിരുന്നു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് സമര്‍ദ്ദം ഉണ്ടായിട്ടില്ലെന്നും റോയിയുടെ മരണത്തിലുള്ള അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും ടിഎ ജോസഫ് പറഞ്ഞു.
സിജെ റോയിയുടെ നഷ്ടം ഉള്‍ക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. അന്വേഷണത്തെ ബാധിക്കുന്ന ഒന്നും പറയരുത് എന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ നിർദേശമുണ്ട്. അതിനാൽ അതേക്കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ല. 2016 ഇൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഉദ്യോഗസ്ഥരുമായി കമ്പനി സഹകരിച്ചിരുന്നു. എല്ലാ ഉദ്യോഗസ്ഥരും നന്നായിട്ടാണ് ഇടപെട്ടത്. ഇങ്ങനെ തന്നെയാണ് ബെംഗളൂരുവിലും പരിശോധന നടന്നതെന്നാണ് കരുതുന്നതെന്നും ടിഎ ജോസഫ് പറഞ്ഞു. ആരുടെയെങ്കിലും കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്‍റെ ഇരട്ടിയായി തിരിച്ചുകൊടുക്കും. ആര്‍ക്കും പണം കൊടുക്കാനുള്ളതായി അറിയില്ല. നിക്ഷേപം എന്ന പേരിൽ പണം വാങ്ങിയതിന് രേഖ കൊണ്ടുവന്നാൽ ഇരട്ടിയായി തിരിച്ചു നൽകും. കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന് ഇങ്ങോട്ടാണ് പണം കിട്ടാനുള്ളത്. സീറോ നിക്ഷേപമാണ് കമ്പനിക്കുള്ളതെന്നും ടിഎ ജോസഫ് പറഞ്ഞു.
മരിച്ചയാളെ പോലും ഇത്തരത്തിൽ വേട്ടയാടുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ടിഎ ജോസഫ് പറഞ്ഞു. കേരളത്തിലും ബെംഗളൂരുവിലുമടക്കം എല്ലായിടത്തും കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന്‍റെ പ്രൊജക്ടുകള്‍ നല്ലരീതിയിൽ പുരോഗമിക്കുകയാണ്. തങ്ങളുടെ ഇടപാടുകാര്‍ ഒരുകാരണവശാലം ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും ടിഎ ജോസഫ് പറഞ്ഞു. കമ്പനിയിൽ ആരും നിക്ഷേപകരായിട്ടില്ല. എല്ലാ സൈറ്റുകളിലും ജോലികള്‍ പുനരാരംഭിച്ചിട്ടുണ്ട്. ചെയര്‍മാന്‍റെ മരണം ജോലികളെ ബാധിക്കില്ല. ഉപഭോക്താക്കള്‍ ആശങ്കപെടേണ്ട സാഹചര്യമില്ല. ഏതു പ്രശ്നത്തെയും തരണം ചെയ്ത് കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് മുന്നോട്ടുപോകുമെന്നും ടിഎ ജോസഫ് പറഞ്ഞു. ചില യൂട്യൂബേഴ്സ് മാത്രമാണ് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. മുഖ്യധാര മാധ്യമങ്ങളടക്കം നൽകിയ പിന്തുണക്ക് നന്ദിയുണ്ടെന്നും ടി എ ജോസഫ് പറഞ്ഞു.



