പൊലീസ് റിപ്പോർട്ടിൽ പറയുന്ന 'നഷ്ടപ്പെട്ട' വസ്തുക്കൾ ശ്രീപത്‌മനാഭസ്വാമിക്ഷേത്രത്തിൽ ഭദ്രമെന്ന് ഭരണസമിതി, 'പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം'

Published : May 29, 2026, 07:11 PM IST
sree padmanabhaswamy temple

Synopsis

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് വസ്തുക്കൾ നഷ്ടപ്പെട്ടെന്ന ഡിജിപിയുടെ റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്ന് ക്ഷേത്ര ഭരണസമിതി. വൈര നാമവും വിളക്കും ഉൾപ്പെടെയുള്ളവ ക്ഷേത്രത്തിൽ ഭദ്രമാണെന്നും, തെറ്റായ റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ പ്രതികരിച്ച് ക്ഷേത്ര ഭരണസമിതി. ക്ഷേത്രത്തിൽ പല വസ്തുക്കളും കാണാനില്ലെന്നടക്കം പരാമർശിക്കുന്ന പൊലീസിന്‍റെ റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്നും ഇത് സമർപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നുമാണ് ഭരണസമിതിയുടെ പ്രതികരണം. സംസ്ഥാന പൊലീസ് മേധാവിക്കുവേണ്ടി പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ എ ഡി ജി പി സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകൾ പൂർണ്ണമായും തെറ്റാണെന്ന് ഭരണസമിതി അഭിപ്രായപ്പെട്ടു. ഡി ജി പിയുടെ റിപ്പോർട്ടിൽ 'നഷ്ടപ്പെട്ടു' എന്ന് പറയുന്ന വൈര നാമവും വിളക്കും ഉൾപ്പെടെയുള്ള വസ്തുക്കളെല്ലാം ശ്രീകോവിലിനുള്ളിൽ ഭദ്രമായിരിപ്പുണ്ടെന്നും ഭക്തർ സമർപ്പിച്ച സ്വർണ്ണ നാണയങ്ങളുടെയും കട്ടകളുടെയും കൃത്യമായ കണക്കുകൾ ക്ഷേത്രത്തിലുണ്ടെന്നും ഭരണസമിതി യോഗത്തിന് ശേഷം ഭാരവാഹികൾ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

ചെമ്പകത്തിൻമൂട് നട വഴിയുള്ള പ്രവേശനം ക്ഷേത്ര സ്ഥാനിക്കും രാജകുടുംബാംഗങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതാണെന്ന് ഭരണസമിതി വിശദീകരിച്ചു. മറ്റാർക്കും ഈ വഴി പ്രവേശനമില്ല. ഭക്തരും ജീവനക്കാരും അതിഥികളും അടക്കമുള്ള മറ്റെല്ലാവരും കേരള പോലീസിന്റെ സുരക്ഷാ പരിശോധനകൾക്ക് വിധേയമായി മാത്രമാണ് ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുന്നതും പുറത്തുപോകുന്നതും. ചില വ്യക്തികൾ യാതൊരുവിധ സുരക്ഷാ പരിശോധനയുമില്ലാതെ ക്ഷേത്രത്തിൽ വന്ന് പോകുന്നുവെന്ന പോലീസിന്റെ വാദം തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഭരണസമിതി ചൂണ്ടിക്കാട്ടി. ക്ഷേത്ര ഭരണസംവിധാനത്തിന്റെ വിശ്വാസ്യതയ്ക്കും സൽപ്പേരിനും കളങ്കം സൃഷ്ടിക്കുന്ന തരത്തിൽ വസ്തുതകൾ അന്വേഷിക്കാതെ റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെടാൻ തീരുമാനിച്ചതായും ഇന്ന് ചേർന്ന ഭരണസമിതി യോഗം അറിയിച്ചു. എക്സിക്യുട്ടീവ് ഓഫീസറുടെ ചുമതലയുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നടത്തിയ വിശദമായ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭരണസമിതിയുടെ ഈ നീക്കം. വൈര നാമവും വിളക്കും സുരക്ഷിതമാണെന്ന് ഭരണസമിതി അംഗങ്ങൾ നേരിട്ട് കണ്ട് ബോധ്യപ്പെട്ടിട്ടുണ്ടെന്നും യോഗത്തിനു ശേഷം വ്യക്തമാക്കുകയുണ്ടായി.

വാർത്താക്കുറിപ്പ്

സംസ്ഥാന പൊലീസ് മേധാവിക്കുവേണ്ടി പോലീസ് ഹെഡ്ക്വാർട്ടേഴ്സിലെ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ ഒരു പകർപ്പ് ക്ഷേത്ര ഭരണസമിതിക്ക് ലഭിച്ചിരുന്നു. പ്രസ്തുത കത്തിൽ പരാമർശിച്ചിരിക്കുന്ന വിഷയങ്ങളുടെ സത്യാവസ പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി 20.05.2026 ന് ചേർന്ന ക്ഷേത്ര ഭരണസമിതി യോഗം എക്സിക്യുട്ടീവ് ഓഫീസറുടെ ചുമതല വഹിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു. ഭരണസമിതിയുടെ നിർദ്ദേശാനുസരണം നടത്തിയ വിശദമായ പരിശോധനകളുടെയും, രേഖകളുടെ അവലോകനത്തിന്റെയും എക്സിക്യുട്ടീവ് ഓഫീസർ ഭരണസമിതിക്ക് മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പ്രസ്തുത റിപ്പോർട്ടിൽ സംസ്ഥാന പൊലീസ് മേധാവി സംസ്ഥാന സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ 'നഷ്ടപ്പെട്ടു' എന്ന് പരാമർശിച്ചിരിക്കുന്ന നാമവും, വിളക്കും ശ്രീകോവിലിനുളളിൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, ഭക്തജനങ്ങൾ ഭഗവാനു സമർപ്പിച്ചിട്ടുളള സ്വർണ്ണ നാണയങ്ങളും, സ്വർണ്ണക്കട്ടികളും ഉൾപ്പെടെയുളള സമർപ്പണ വസ്തുക്കൾ സുരക്ഷിതമായി സംരക്ഷിച്ചുവരുന്നതായും, അവയെ സംബന്ധിച്ച കൃത്യവും, വ്യക്തവുമായ കണക്കുകൾ ക്ഷേത്രത്തിൽ സൂക്ഷിച്ചുവരുന്നതായും, സമയാസമയങ്ങളിൽ ഇവ ആഡിറ്റിന് വിധേയമാക്കിയിട്ടുളളതാണ് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുപുറമെ വൈര നാമവും, വിളക്കും ക്ഷേത്രത്തിനുളളിൽ തന്നെ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നുവെന്ന കാര്യം ഭരണസമിതി അംഗങ്ങൾ നേരിട്ട് കണ്ട് ബോദ്ധ്യപ്പെട്ടിട്ടുളളതുമാണ്. ചെമ്പകത്തിൻമൂട് നട വഴിയുളള പ്രവേശനം ക്ഷേത്ര സാനിക്കും, രാജകുടുംബാംഗങ്ങൾക്കും മാത്രമാണ്. മററാർക്കും ചെമ്പകത്തിൻമൂട് നട വഴി പ്രവേശിക്കുവാനോ, ക്ഷേത്രത്തിൽ നിന്ന് പുറത്ത് പോകുവാനോ അനുവാദം നൽകിയിട്ടില്ലാത്തതാകുന്നു. കൂടാതെ, ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര സുരക്ഷാ വിഭാഗത്തിന്റെ (കേരള പൊലീസ് സുരക്ഷാ പരിശോധനകൾക്ക് വിധേയമായി മാത്രമേ ഭക്തജനങ്ങൾക്കും, ക്ഷേത്ര ജീവനക്കാർക്കും, ഗസ്റ്റുകൾക്കും ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുവാനും, ക്ഷേത്രത്തിന് പുറത്ത് കടക്കുവാനും സാധിക്കുകയുളളൂ. ആകയാൽ മേൽ റിപ്പോർട്ടിൽ പരാമർശിച്ചിരുന്ന വ്യക്തികൾ യാതൊരുവിധ സുരക്ഷാ പരിശോധനകൾക്കും വിധേയമല്ലാതെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നുവെന്നും, പുറത്തേക്ക് പോകുന്നുവെന്ന വാദം തികച്ചും വസ്തുതാവിരുദ്ധമാണ്. ക്ഷേത്ര ഭരണസമിതിയുടെയും, ക്ഷേത്ര ഭരണസംവിധാനത്തിന്റെയും വിശ്വാസ്യതക്കും, സൽപ്പേരിനും കളങ്കം സൃഷ്ടിക്കുന്ന തരത്തിൽ, ബന്ധപ്പെട്ട അധികാരികളെയോ, ഭരണസമിതിയെയോ സമീപിക്കാതെയും, യുക്തിസഹമായ അന്വേഷണം നടത്താതെയും, വസ്തുതകൾ സമഗ്രമായി പരിശോധിക്കാതെയും വസ്തുതാവിരുദ്ധമായ റിപ്പോർട്ട് സമർപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുന്നതിന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടാൻ 29.05.2026 ന് ചേർന്ന ഭരണസമിതി യോഗം തീരുമാനിച്ചിരിക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വന്ദേമാതരം മുഴുവൻ ചൊല്ലിയില്ല; സ്പീക്കറെ രേഖാമൂലം പ്രതിഷേധം അറിയിച്ച് ഗവർണർ
അച്ഛനമ്മമാർക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു: പ്രതി ക്രിസ്റ്റൽ രാജിന് ഇരട്ട ജീവപര്യന്തം