
തിരുവനന്തപുരം: കഥാകാരി അഷിതയ്‌ക്ക് മനോരോഗമായിരുന്നു എന്ന സഹോദരന്റെ ആരോപണം ഉള്‍ക്കൊള്ളാനാവുന്നതല്ലെന്ന് എഴുത്തുകാരിയും അവസാനകാലത്ത് അഷിതയുടെ സന്തതസഹചാരിയും ആയിരുന്ന ശ്രീബാല കെ മേനോന്‍.അഭിമുഖം പുറത്തുവന്ന സമയത്തോ അതിന് ശേഷമോ ഒരിക്കല്‍ പോലും നേരിട്ട് ചോദ്യം ചെയ്യാന്‍ തയ്യാറാകാതെ അഷിതയുടെ മരണശേഷം ഇത്തരം ആരോപണം ഉന്നയിക്കുന്നത് അവരെ നിന്ദിക്കുന്നതിന് തുല്യമാണെന്നും ശ്രീബാല പറഞ്ഞു.
അര്‍ബുദ ബാധിതയായിരുന്ന അഷിത രണ്ടാമത്തെ കീമോയ്‌ക്കും ശേഷമുള്ള സമയത്താണ് ആ അഭിമുഖത്തിന് തയ്യാറായത്. മരണത്തെ മുഖാമുഖം കണ്ട് ജീവിക്കുന്നൊരവസ്ഥയില്‍ സ്വന്തം ജീവിതം തുറന്നെഴുതണമെന്ന തോന്നലായിരുന്നു ആ അഭിമുഖത്തിന് പിന്നില്‍. ആത്മകഥയെഴുതിയാല്‍ ഫിക്ഷന്റെ ശൈലി കടന്നുവന്നേക്കുമോ എന്ന ആശങ്കയില്‍ നിന്നാണ് അഭിമുഖം എന്ന ആശയം കടന്നുവന്നത്. ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവിനെപ്പോലെ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഒരാളോട് ജീവിതം തുറന്നുപറയാന്‍ തീരുമാനിച്ചതും ഏറെ ആലോചനകള്‍ക്ക് ശേഷമായിരുന്നു.
Read Also: എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്; അഷിതയുടെ സഹോദരനോട് ബാലചന്ദ്രന്‍ ചുള്ളിക്കാട്
ശാരീരികാരോഗ്യം മോശമായിരുന്നതിനാല്‍ ഒരാളുടെ സഹായം കൂടാതെ അഷിതയ്‌ക്ക് ആ അഭിമുഖം പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നില്ല. താന്‍ തന്നെയാണ് അഭിമുഖം റെക്കോര്‍ഡ് ചെയ്‌തതും. അതിനു കുറച്ചുനാള്‍ മുമ്പ് മാധ്യമം ആഴ്‌ച്ചപ്പതിപ്പില്‍ പാര്‍വ്വതിയോടുള്ള ഭാഷണം എന്ന നിലയില്‍ തന്റെ ജീവിതത്തെക്കുറിച്ച് ചിലതൊക്കെ അവര്‍ തുറന്നുപറഞ്ഞിരുന്നു. അന്നും സഹായിയായി താന്‍ ഒപ്പമുണ്ടായിരുന്നു. അഷിത അമ്മയോട് താന്‍ ഇങ്ങനെയൊരു പുസ്‌തകം എഴുതാന്‍ പോകുകയാണെന്ന് പറഞ്ഞിരുന്നു. അതിന്റെ ആവശ്യങ്ങള്‍ക്കായാണ് ശ്രീബാല ഒപ്പമുള്ളതെന്നും സൂചിപ്പിച്ചിട്ടുണ്ട്. അന്നൊന്നും ഏതെങ്കിലും തരത്തിലുള്ള ചോദ്യം ചെയ്യലുകളോ എതിര്‍പ്പുകളോ ആരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഭര്‍ത്താവിന്റെയും മകളുടെയും പൂര്‍ണസമ്മതത്തോടെയാണ് ആ അഭിമുഖം പ്രസിദ്ധീകരിച്ചതും. അവര്‍ക്കോ അഷിതയെ പരിശോധിച്ചിരുന്ന ഡോക്ടര്‍മാര്‍ക്കോ ഏതെങ്കിലും ഘട്ടത്തില്‍ അഷിതയുടെ മാനസികാരോഗ്യം സംബന്ധിച്ച് ഭിന്നാഭിപ്രായമുള്ളതായി പറഞ്ഞിട്ടില്ല.
Read Also: അഷിത അനുഭവിച്ചതിന്റെ പത്തിലൊന്നുപോലും അഭിമുഖത്തില്‍ വന്നിട്ടില്ല: ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
രോഗബാധിതയായി ചികിത്സയിലായിരുന്ന കാലത്ത് ഒരിക്കല്‍ പോലും ഇങ്ങനെയൊരു സഹോദരന്‍ അഷിതയെ കാണാന്‍ വന്നതായി താന്‍ ഓര്‍ക്കുന്നില്ല. ജീവിച്ചിരിക്കുമ്പോള്‍ അവരോട് ചോദിക്കാനോ എതിര്‍പ്പറിയിക്കാനോ തയ്യാറാകാത്ത ഒരാള്‍ ഇപ്പോള്‍ ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുന്നത് അഷിത പറഞ്ഞതത്രയും നുണയാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമായി മാത്രമേ കാണാനാവൂ എന്നും ശ്രീബാല പ്രതികരിച്ചു.
അഷിതയുമായി ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവ് നടത്തിയ അഭിമുഖം മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിരുന്നു. ഇത് അതിശയോക്തി നിറഞ്ഞതാണെന്നും അഷിതയ്‌ക്ക് സ്‌കിസോഫ്രീനിയ രോഗമായിരുന്നെന്നും ആരോപിച്ച് സഹോദരന്‍ സന്തോഷ് നായര്‍ അയച്ച കത്ത് ദേശാഭിമാനി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. അഭിമുഖം മരിച്ചുപോയ തങ്ങളുടെ അച്ഛനെയും 90 വയസ്സുള്ള അമ്മയെയും അപകീര്‍ത്തിപ്പെടുത്തുന്നതായിരുന്നെന്നും സന്തോഷ് നായര്‍ ആരോപിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam