അഷിതയുമായി 1975 മുതല്‍ സൗഹൃദമുണ്ടായിരുന്നു. 38 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അഷിത തന്നോട്‌ പങ്കുവച്ച കാര്യങ്ങളുടെ മൃദുവായ ആവര്‍ത്തനം മാത്രമാണ്‌ അഭിമുഖത്തിലൂടെ പുറത്തുവന്നിട്ടുള്ളത്‌.

തിരുവനന്തപുരം: അഷിതയെക്കുറിച്ച്‌ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ആവര്‍ത്തിച്ചാല്‍ സഹോദരനെതിരെ നിയമനടപടി സ്വീകരിക്കാന്‍ പോലും താന്‍ തയ്യാറാകുമെന്ന്‌ എഴുത്തുകാരന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌. അഷിതയുമായി 1975 മുതല്‍ സൗഹൃദമുണ്ടായിരുന്നു. 38 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അഷിത തന്നോട്‌ പങ്കുവച്ച കാര്യങ്ങളുടെ മൃദുവായ ആവര്‍ത്തനം മാത്രമാണ്‌ അഭിമുഖത്തിലൂടെ പുറത്തുവന്നിട്ടുള്ളത്‌. അവര്‍ നേരിട്ടതിനെക്കുറിച്ച്‌ പറഞ്ഞതുകേട്ട്‌ പലപ്പോഴും താന്‍ ഉറക്കെക്കരഞ്ഞിട്ടുണ്ട്‌. അഷിതയ്‌ക്ക്‌ മാനസികരോഗമുണ്ടെന്ന്‌ സ്ഥാപിക്കാന്‍ എന്ത്‌ തെളിവാണ്‌ സഹോദരന്‍ സന്തോഷ്‌ നായരുടെ പക്കലുള്ളതെന്നും അദ്ദേഹം ചോദിച്ചു.

മരിക്കുന്നതിന്‌ മുമ്പ്‌ തന്നെ സഹോദരന്‌ ആരോപണങ്ങളുന്നയിക്കുകയോ അഭിമുഖത്തെപ്പറ്റി അഷിതയോട്‌ ചോദിക്കുകയോ ചെയ്യാമായിരുന്നല്ലോ എന്ന്‌ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓണ്‍ലൈനിനോട്‌ പറഞ്ഞു. . അന്ന്‌ ഭയം കൊണ്ടാണ്‌ അയാള്‍ ഒന്നിനും തയ്യാറാകാഞ്ഞത്‌. എന്നിട്ടിപ്പോള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച്‌ അഷിതയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്‌. കലാകാരന്മരെയും എഴുത്തുകാരെയും കുറിച്ച്‌ എന്ത്‌ പറഞ്ഞാലും ജനം വിശ്വസിക്കുന്നുമെന്നുള്ള സമൂഹപൊതുബോധമാണ്‌ സഹോദരന്റെ ഈ പ്രവര്‍ത്തിക്ക്‌ പിന്നിലുള്ളത്‌.

Read Also: രോഗിയായിരിക്കെ തിരിഞ്ഞുനോക്കാത്ത സഹോദരനാണ് ഇപ്പോള്‍ അഷിതയ്‌ക്കെതിരെ പറയുന്നത് ; ശ്രീബാലാ കെ മേനോന്‍

മഹാരാജാസ്‌ കോളേജില്‍ താനും അഷിതയും സഹപാഠികളായിരുന്നു. അന്നൊക്കെ വീട്ടുകാരില്‍ നിന്ന്‌ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ച്‌ അഷിത പറഞ്ഞിട്ടുണ്ട്‌. അതില്‍ പലതും വളരെ ഗുരുതരമായതാണ്‌. അതിനെക്കുറിച്ചൊന്നും പുസ്‌തകത്തില്‍ അഷിത പറഞ്ഞിട്ടില്ല. അതൊന്നും തന്നെക്കൊണ്ട്‌ പറയിക്കരുതെന്നാണ്‌ സഹോദരനോട്‌ ആവശ്യപ്പെടാനുള്ളത്‌. സഹോദരനെന്ന നിലയ്‌ക്ക്‌ ഒരുതരത്തിലും സ്‌നേഹമോ അനുകമ്പയോ പിന്തുണയോ അഷിതയ്‌ക്ക്‌ സന്തോഷില്‍ നിന്ന്‌ കിട്ടിയിട്ടില്ല.

ഒരു ഉറുമ്പിനെപ്പോലും നോവിക്കാതെ എഴുതിയും പ്രാര്‍ഥിച്ചും മാത്രം കഴിഞ്ഞ അഷിതയെക്കുറിച്ചാണ്‌ ഇങ്ങനെയൊക്കെ പറയുന്നതെന്നോര്‍ക്കണം. അയാള്‍ ആരോപിക്കുന്നത്‌ പോലെ മാനസികപ്രശ്‌നങ്ങളുള്ള ഒരാളാണെങ്കില്‍ വര്‍ഷങ്ങള്‍ക്ക്‌ ശേഷവും ഇത്രയും കൃത്യമായി താന്‍ അനുഭവിച്ചതിനെയൊക്കെ ആവര്‍ത്തിച്ച്‌ അടയാളപ്പെടുത്താന്‍ സാധിക്കുമോ? സാരമില്ല എന്ന്‌ കരുതി അവഗണിക്കാനാവുന്ന ഒന്നല്ല സഹോദരന്റെ നീക്കം. വേണ്ടിവന്നാല്‍ അതിനെ നിയമപരമായി നേരിടുക തന്നെ ചെയ്യുമെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ പ്രതികരിച്ചു.

Read Also: അഷിത അനുഭവിച്ചതിന്റെ പത്തിലൊന്നുപോലും അഭിമുഖത്തില്‍ വന്നിട്ടില്ല: ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

അഷിതയുമായി ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവ്‌ നടത്തിയ അഭിമുഖം മാതൃഭൂമി ബുക്‌സ്‌ പ്രസിദ്ധീകരിച്ചിരുന്നു. ഇത്‌ അതിശയോക്തി നിറഞ്ഞതാണെന്നും അഷിതയ്‌ക്ക്‌ സ്‌കിസോഫ്രീനിയ രോഗമായിരുന്നെന്നും ആരോപിച്ച്‌ സഹോദരന്‍ സന്തോഷ്‌ നായര്‍ അയച്ച കത്ത്‌ ദേശാഭിമാനി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. അഭിമുഖം മരിച്ചുപോയ തങ്ങളുടെ അച്ഛനെയും 90 വയസ്സുള്ള അമ്മയെയും അപകീര്‍ത്തിപ്പെടുത്തുന്നതായിരുന്നെന്നും സന്തോഷ്‌ നായര്‍ ആരോപിച്ചിരുന്നു.