
പത്തനംതിട്ട: യൂട്യൂബർ രാജൻ ജോസഫിന് തല്ല് കിട്ടിയിട്ടുണ്ടെങ്കിൽ അത് അയാളുടെ പ്രവൃത്തിയുടെ ഫലമാണെന്ന് കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവിക്കുഞ്ഞമ്മ. ഇത്തരം വീഡിയോ ചെയ്യുന്നവർ അടൂർ എത്തിയാൽ ചിലപ്പോൾ രണ്ടടി കിട്ടിയെന്നിരിക്കുമെന്നും അത് സ്വാഭാവികമാണെന്നും ശ്രീനാദേവി മാധ്യമങ്ങളോട് പറഞ്ഞു.
''25-ലധികം വീഡിയോകളാണ് അയാൾ എനിക്കെതിരേ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏഴുവർഷമായി യൂട്യൂബ് ചാനലുകൾ വളർന്നുവരുന്നു. മുഖ്യധാര മാധ്യമങ്ങളും അതിന്റെ നിലവാരമുള്ള യൂട്യൂബ് മാധ്യമങ്ങളുമുണ്ട്. എന്നാൽ, അതിനെയെല്ലാം വെല്ലുവിളിച്ച് കേവലം വരുമാനം നേടുക, എന്തുപറഞ്ഞും വ്യൂവേഴ്സിനെ കൂട്ടുക. അതിലൂടെ വരുമാനം നേടുക, അതിലൂടെ ആഹാരം കഴിക്കുക എന്ന ശൈലി ഏതെങ്കിലും യൂട്യൂബ് ചാനലുകൾ മുന്നോട്ടുവെയ്ക്കുന്നുണ്ടെങ്കിൽ ഉറപ്പായിട്ടും അതിനെതിരേ നിയമനടപടി സ്വീകരിക്കും.
എന്നെ രാഷ്ട്രീയമായി വിമർശിക്കാൻ ആർക്കും അധികാരമുണ്ട്. ആർക്കും വിമർശിക്കാം. പക്ഷേ, അത് രാഷ്ട്രീയപരമാകണം. സത്യസന്ധമായിരിക്കണം. അതിന് മറുപടി പറയാനും ബാധ്യസ്ഥയാണ്. പക്ഷേ, അതിനെല്ലാം അപ്പുറം വ്യക്തിപരമായി തേജോവധം ചെയ്യുക എന്നരീതിയിൽ, സ്ത്രീത്വത്തെ അപമാനിക്കുന്നരീതിയിൽ ചെയ്യരുത്. സ്ത്രീത്വത്തെ അപമാനിക്കുന്ന ഏതെങ്കിലും ഒരു വാക്കിന്റെ പേരിലല്ല, മറിച്ച് പത്തും പതിനഞ്ചും മിനിറ്റ് ദൈർഘ്യമുള്ള 25-ലധികം വീഡിയോസാണ് ചെയ്തിരിക്കുന്നത്. അതിലുടനീളം വ്യക്തിഹത്യ നടത്തുക. സ്ത്രീത്വത്തെ അപമാനിക്കുക. അതെല്ലാം ചെയ്തവരാണ് ഈ യൂട്യൂബേഴ്സ്. പക്ഷേ, അവർ ഇതിനെ വിലയിരുത്തുക അത്രയും റീച്ച് കിട്ടിയെന്ന മനോനിലവാരത്തോടെയാകും. ഇത്തരക്കാർക്കെതിരേ നിയമം കർശനമാക്കണം. ഞാൻ സിപിഐയുടെ ഭാഗമായിരിക്കെയാണ് ആദ്യവീഡിയോ ചെയ്യുന്നത്. മുൻ ജില്ലാ സെക്രട്ടറിക്കെതിരേ ഞാൻ പരാതി കൊടുത്തതിന്റെ വീഡിയോ. എന്നെ വ്യക്തിഹത്യ ചെയ്താണ് അതിൽ തുടക്കം. ഇയാളെ ഞാൻ ആദ്യമായി കാണുന്നത് അടൂർ സ്റ്റേഷനിലെ ലോക്കപ്പിൽ നിലത്തിരിക്കുന്നനിലയിലാണ്. '', ശ്രീനാദേവിക്കുഞ്ഞമ്മ പറഞ്ഞു.
രാജൻ ജോസഫിനെ ജാമ്യത്തിലിറക്കാൻ സിപിഎം പ്രാദേശിക നേതാക്കളാണ് പൊലീസ് സ്റ്റേഷനിലെത്തിയതെന്നും ശ്രീനാദേവി ആരോപിച്ചു. ''സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വവും പ്രാദേശിക നേതൃത്വവും ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണം. സിപിഎം അടൂർ ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഏരിയാ കമ്മിറ്റി അംഗവുമാണ് രാജൻ ജോസഫിനെ ഇന്നലെ ജാമ്യത്തിലിറക്കാൻ എത്തിയത്. സിപിഎമ്മിന്റെ അടൂരിലെ പാർട്ടി വക്കീൽ ജാമ്യത്തിനായി ഹാജരായി എന്ന് പറയാൻ ആഗ്രഹിക്കുന്നില്ല. കാരണം അത് അദ്ദേഹത്തിന്റെ പ്രൊഫഷനാണ്. എന്നാൽ, സിപിഎം നേതാക്കൾ വന്ന് ജാമ്യമെടുത്തിട്ടുണ്ടെങ്കിൽ സിപിഎമ്മിന്റെ സംസ്ഥാന, പ്രാദേശിക നേതൃത്വം ഈ യൂട്യൂബേഴ്സിന് അനുകൂല നിലപാടുള്ളവരാണോ എന്ന് വ്യക്തമാക്കണം. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പിപി ദിവ്യ കണ്ണൂർ കണ്ണപുരത്ത് രാജൻ ജോസഫിനെതിരേ പരാതി നൽകിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയാണ് അത്. മുഹമ്മദ് റിയാസിനെയും എളമരം കരീമിനെയും വികലമായി ചിത്രീകരിച്ച വീഡിയോയുമുണ്ട്. ഇതിനെ സിപിഎം അനുകൂലിക്കുന്നുണ്ടോ എന്നതും വ്യക്തമാക്കണം'', ശ്രീനാദേവിക്കുഞ്ഞമ്മ പറഞ്ഞു.
രാജൻജോസഫ് ചെയ്ത വീഡിയോയിലെ പോലെയുള്ള കണ്ടന്റ് സംപ്രേഷണം ചെയ്യാൻ ഏതെങ്കിലും ചാനലിന് കഴിയുമോ. ഇല്ലല്ലോ. അപ്പോൾ അത്തരം മോശമായ വീഡിയോ ചെയ്തിട്ടുണ്ടെങ്കിൽ അങ്ങനെയുള്ളവർ അടൂരെത്തിയാൽ ചിലപ്പോൾ രണ്ടടി കിട്ടിയെന്നിരിക്കും. അത് സ്വാഭാവികമാണ്. അതിന്റെ പുറകിൽ ആരാണെങ്കിലും തല്ല് കിട്ടിയത് അവരുടെ പ്രവൃത്തിയുടെ ഫലം. അതിൽ കെഎസ് യു, യൂത്ത് കോൺഗ്രസ് ഉണ്ടെന്നൊക്കെ ആരോപിക്കുന്ന ഡിവൈഎഫ്ഐ, നിങ്ങളുടെ നേതാക്കളെ ഇത്രയൊക്കെ പറഞ്ഞിട്ടും നിങ്ങൾ അതിൽ ഇല്ല എന്ന് പറയുകയാണെങ്കിൽ അത് നിങ്ങളുടെ കുറവായിട്ട് വിലയിരുത്തണമെന്നേ പറയാനുള്ളൂവെന്നും ശ്രീനാദേവിക്കുഞ്ഞമ്മ കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസമാണ് ശ്രീനാദേവിക്കുഞ്ഞമ്മയുടെ പരാതിയിൽ യൂട്യൂബർ രാജൻ ജോസഫിനെ പൊലീസ് അറസ്റ്റ്ചെയ്തത്. ശ്രീനാദേവിക്കുഞ്ഞമ്മയെ അപകീർത്തിപ്പെടുത്തി, സ്ത്രീത്വത്തെ അപമാനിക്കുന്നരീതിയിൽ വീഡിയോകൾ ചെയ്തെന്നായിരുന്നു പരാതി. എറണാകുളത്തുനിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ പിന്നീട് അടൂർ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ പ്രതിക്ക് നേരേ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൈയേറ്റവുമുണ്ടായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam