
ആലപ്പുഴ: എല്ലാവർഷവും ഓർക്കും ഞങ്ങളുടെ വീട് പോകുമെന്ന് പറയുമ്പോൾ ആ വയോധിക തൻ്റെ ജീവിത സായന്തനത്തിലും അവസാനിക്കാത്ത ദുരിതമോർത്ത് വിങ്ങുകയായിരുന്നു. സങ്കടമല്ലേ ഉള്ളൂവെന്ന് പറഞ്ഞുകൊണ്ടാണ് അന്നന്നത്തെ അന്നത്തിനായി ചെലവാക്കേണ്ട പണത്തിൽ നിന്ന് കൂട്ടിവെച്ച തുക ഉപയോഗിച്ച് മണൽച്ചാക്കുകൾ കൊണ്ട് സ്വന്തം വീടിന് പുറകിൽ കടൽഭിത്തി നിർമിക്കേണ്ടി വരുന്നതിനെ കുറിച്ച് അവർ പറയുന്നത്. ആലപ്പുഴ ആറാട്ടുപുഴയ്ക്കടുത്ത് പെരുമ്പിള്ളിയിലെ ജനങ്ങൾ ഭീതിയുടെ തീരത്താണ് അന്തിയുറങ്ങുന്നത്.
വീടിൻ്റെ ചുവരിനപ്പുറം ആർത്തലയ്ക്കുന്ന കടലാണ്. കടലേറ്റവും കടലിറക്കവും തീരത്തോട് ചേർന്ന് കിടക്കുന്ന വീടുകൾക്കെല്ലാം ആശങ്കയാണ്. രാഷ്ട്രീയ പാർട്ടികൾ തങ്ങളെ തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതിയാണ് ഇവിടെയുള്ള ഓരോ മനുഷ്യരും ഏഷ്യാനെറ്റ് ന്യൂസിൻ്റെ ലൗഡ്‌സ്പീക്കർ പരിപാടിയിൽ പങ്കുവെച്ചത്.
ശക്തമായ തിരമാലകളെ പ്രതിരോധിക്കാൻ സ്വന്തം കൈയ്യിൽ നിന്നും പണം ചെലവഴിച്ചാണ് ഇവിടെയുള്ള കുടുംബങ്ങൾ ജിയോബാഗുകൾ തയ്യാറാക്കുന്നത്. അതിന് പോലും സർക്കാരിൻ്റെ സഹായമില്ല. കടൽഭിത്തി നിർമിക്കുമെന്ന വാഗ്ദാനം ഇവർ കാലങ്ങളായി കേട്ടുമടുത്തതാണ്. എന്നെങ്കിലും പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷ ഒരു തരിമ്പും ദുരിതജീവിതം നയിക്കുന്ന ഇവിടുത്തെ മനുഷ്യരുടെ വാക്കുകളിൽ കാണാനാവില്ല.