ശ്രീറാം കേസിൽ പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം: ജാമ്യത്തിന് അടിയന്തര സ്റ്റേ ഇല്ല

By Web TeamFirst Published Aug 7, 2019, 2:41 PM IST
Highlights

അപകടം ഉണ്ടായാൽ ഇങ്ങനെയാണോ തെളിവ് ശേഖരിക്കേണ്ടത്?. തെളിവ് അയാൾ കൊണ്ടുവരുമെന്ന് കരുതിയോ എന്ന് പൊലീസിനോട് കോടതി.

കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ തെളിവ് ശേഖരിക്കുന്നതിൽ വീഴ്ച വരുത്തിയ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നതിന് അതിരൂക്ഷ വിമര്‍ശനമാണ് പൊലീസിനെതിരെ ഹൈക്കോടതി നടത്തിയത്. അന്വേഷണത്തിലെ വീഴ്ചയെ അക്കമിട്ട് നിരത്തി അതിരൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. 

വൈദ്യപരിശോധന നടത്തി തെളിവ് ശേഖരിക്കാതിരുന്നതിന് ഒരു ന്യായീകരണവും ഇല്ല,തെളിവ് നശിപ്പിക്കാനുള്ള ശ്രമം എന്തുകൊണ്ട് പൊലീസ് തടഞ്ഞില്ല?, ശ്രീറാമിനെതിരായ തെളിവ് അയാൾ കൊണ്ടുവരുമെന്ന് കരുതിയോ എന്നും കോടതി ചോദിച്ചു. ഗവര്‍ണര്‍ അടക്കം താമസിക്കുന്നിടത്ത് സിസിടിവി എങ്ങനെ ഇല്ലെന്ന് പറയുമെന്നും ഹൈക്കോടതി ചോദിച്ചു. തെളിവ് നശിപ്പിക്കാൻ കൂട്ടു നിന്നതിൽ അടക്കം  പൊലീസിന്‍റെ വീഴ്ചകൾ ഓരോന്നും എണ്ണിപ്പറഞ്ഞായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തിനും കോടതിയിൽ നിന്ന് തിരിച്ചടിയാണ് ഉണ്ടായത്. തെളിവ് നൽകാതെ ശ്രീറാം കബളിപ്പിച്ചു എന്നായിരുന്നു എന്ന് വാദിച്ച സര്‍ക്കാര്‍ മജിസ്ട്രേറ്റ് കോടതി ശ്രീറാം വെങ്കിട്ടരാമന് നൽകിയ ജാമ്യത്തിന് അടിയന്തര സ്റ്റേ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ശ്രീറാം വെങ്കിട്ടരാമൻ തെളിവ് നശിപ്പിക്കാൻ കിംസ് ആശുപത്രിയുമായി ഗൂഢാലോചന നടത്തിയെന്നും സര്‍ക്കാര്‍ വാദിച്ചു. നരഹത്യാ കുറ്റം നിലനിൽക്കുമെന്ന് പറയുന്നുണ്ടെങ്കിലും ശ്രീറാമിന്‍റെ ജാമ്യത്തിന് സ്റ്റേ അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി  നിലപാടെടുത്തു, 

തുടര്‍ന്ന് വായിക്കാം: ശ്രീറാമിനെ ലഹരിമരുന്ന് പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് വാദിഭാ​ഗം

കേസിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിൽ മാത്രം ആണെന്നിരിക്കെ ഇപ്പോൾ ജാമ്യം നൽകുന്നത് തെളിവ് നശിപ്പിക്കാൻ ഇടയാക്കുമെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇത് കേസ് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. കേസിൽ ശ്രീറാമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും സ്റ്റേറ്റ് അറ്റോര്‍ണി കോടതിയിൽ പറഞ്ഞു. കേസിൽ ശ്രീറാം വെങ്കിട്ടരാമന് ഹൈക്കോടതി നോട്ടീസ് അയച്ചു. വെള്ളിയാഴ്ച വിശദമായി വീണ്ടും വാദം കേൾക്കും. 

തുടര്‍ന്ന് വായിക്കാം: ബഷീറിന്റെ മരണം; ശ്രീറാമിനായി പൊലീസ് ഒത്തുകളിച്ചെന്ന് മാധ്യമപ്രവര്‍ത്തകര്‍

അന്വേഷണത്തിലെ പാകപ്പിഴ അക്കമിട്ട് നിരത്തുകയാണ് കോടതി ചെയ്തതെന്നും ഇനി എല്ലാം പ്രോസിക്യൂഷന്‍റെ കയ്യിലാമെന്നും പത്രപ്രവര്‍ത്തക യൂണിയൻ അഭിപ്രായപ്പെട്ടു. നീതി ലഭ്യമാക്കുന്നതിന് ഇടപെടൽ നടത്താൻ ഇനി പ്രോസിക്യൂഷന് മാത്രമെ കഴിയു എന്നും പത്രപ്രവര്‍ത്തക യൂണിയൻ അഭിപ്രായപ്പെട്ടു. കേസിൽ ഏത് അറ്റം വരെയും പോകാൻ യൂണിയൻ തയ്യാറാണെന്നും യൂണിയൻ ഭാരവാഹികൾ പ്രതികരിച്ചു.

 

click me!