തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനായി പൊലീസ് ഒത്തുകളിച്ചെന്നാരോപിച്ച് മാധ്യമപ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. തിരുവനന്തപുരം പ്ലസ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിൽ നൂറിലേറെ മാധ്യമപ്രവർത്തകർ പങ്കെടുത്തു.

മ്യൂസിയം പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം പൊലീസ് ആസ്ഥാനത്തിന് സമീപം ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഈ മാസം മൂന്നിന് പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്നു കെഎം ബഷീർ കൊല്ലപ്പെട്ടത്. കേസിൽ റിമാൻഡിലായ ശ്രീറാമിന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.