
തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസുകാരിയുടെ അമ്മ ശ്രീതു സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയത് ഒറ്റക്കല്ലെന്ന് പൊലീസ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്ഷന്‍ ഓഫീസര്‍ എന്ന പേരില്‍ വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയ ശ്രീതു, പരാതിക്കാരനായ ഷിജുവിനെ സ്വന്തം ഡ്രൈവറായാണ് ഉപയോഗിച്ചിരുന്നത്.നിയമന ഉത്തരവിന് പുറമേ, ദേവസ്വം ബോര്‍ഡിന്‍റെ പേരിൽ വ്യാജ തിരിച്ചറിയൽ കാര്‍ഡ് ഉള്‍പ്പെടെ തയ്യാറാക്കിയ സ്ഥാപനം പൊലീസ് കണ്ടെത്തിയിട്ടുണ്ട്
രണ്ടു വയസ്സുകാരിയുടെ കൊലപാതകത്തിന് കാരണം എന്താണെന്ന് അറിയാതെ പൊലീസ് വട്ടം കറങ്ങുമ്പോഴാണ് അമ്മ ശ്രീതുവിനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതികളുമായി നാട്ടുകാര്‍ രംഗത്ത് വന്നത്. ഇതിൽ നെയ്യാറ്റിന്‍കര സ്വദേശി ഷിജുവിന്‍റെ പരാതിയിലാണ് ഇന്നലെ വൈകിട്ട് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിൽ ഡ്രൈവര്‍ നിയമനം വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിച്ചു എന്നാണ് പരാതി. ദേവസ്വം ബോര്‍ഡില്‍ സെക്ഷന്‍ ഓഫീസര്‍ എന്നാണ് ശ്രീതു പരിചയപ്പെടുത്തിയത്. ഒരു വര്‍ഷം മുന്‍പ് ശ്രീതുവിന്‍റെ പേരിലുള്ള വ്യാജ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ ഡ്രൈവറായി നിയമിച്ചുള്ള ഉത്തരവ് കൈമാറി.
28000 രൂപ ശമ്പളം എന്നാണ് ഉത്തരവിൽ ഉള്ളത്. ശ്രീതുവിന്റെ ഒഫീഷ്യൽ ഡ്രൈവർ എന്നാണ് പറഞ്ഞത് . ഒരിക്കലും ഷിജുവിനെ ദേവസ്വം ഓഫിസിൽ കയറ്റിയിരുന്നില്ല. ആവശ്യം വരുമ്പോള്‍ ദേവസ്വം ബോർഡ് ഓഫിസിന് മുന്നിൽ കാറുമായി എത്തനായിരുന്നു എപ്പോഴും നിർദേശിച്ചിരുന്നത് .അവിടെ വെച്ച് ശ്രീതു കാറിൽ കയറും .തുടക്കത്തില്‍ ശമ്പളം കൃത്യമായി തന്നു. പിന്നീട് കുടിശിക വന്നു. പരാതിപ്പെട്ടപ്പോൾ ഒരു ലക്ഷം രൂപ ഒരുമിച്ചു നൽകി.
കുഞ്ഞു മരിച്ചതുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ കണ്ടപ്പോഴാണ് തട്ടിപ്പിനിരയായെന്ന് മനസ്സിലായതെന്നാണ് ഷിജുവിന്‍റെ മൊഴി. വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയ സ്ഥാപനം പോലിസ് കണ്ടത്തിയിട്ടുണ്ട്. തട്ടിപ്പിന് സഹായിച്ചവരുടെ വിവരങ്ങൾ ശ്രീതു പോലീസിന് കൈമാറി .പ്രാഥമിക അന്വേഷണം നടത്തിയ ശേഷം പോലിസ് സഹായികളെ ചോദ്യം ചെയ്യും .
പത്ത് പേര്‍ ശ്രീതുവിനെതിരെ പരാതിയുമായി പൊലീസിനെ ബന്ധപ്പെട്ടിട്ടുണ്ട്. ഇതിനിടെ കുഞ്ഞിന്‍റെ കൊലക്ക് കാരണം എന്താണെന്ന കാര്യത്തില്‍ പൊലീസിന് ഒരു വ്യക്തതയും വന്നിട്ടില്ല. റിമാന്റില്‍ കഴിയുന്ന കുഞ്ഞിന്‍റെ അമ്മാവന്‍ ഹരികുമാറിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്ത് ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.