
തിരുവനന്തപുരം: നാടകങ്ങൾക്കും ഒളിച്ചുകളികൾക്കും ഒടുവിൽ അവസാനമാകുകയായിരുന്നു. കിംസ് ആശുപത്രിയിൽ പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ ചികിത്സയിൽ കഴിയുകയായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ജയിലിലേക്ക് മാറ്റുന്നത് മാധ്യമങ്ങളുടെ കടുത്ത സമ്മർദ്ദത്തെത്തുടർന്നാണ്. ഇന്നലെ മുതൽ ശ്രീറാമിന് എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകാനുള്ള ഒത്തുകളി നടക്കുന്നുണ്ടെന്ന് വ്യക്തമായിരുന്നു. ഒരു അപകടക്കേസിൽ പ്രതിയായ സാധാരണക്കാരന് ഒരു കാരണവശാലും കിട്ടാത്ത 'പഞ്ചനക്ഷത്ര സൗകര്യങ്ങളാണ്' ശ്രീറാം വെങ്കിട്ടരാമന് കിട്ടിയത്.
നാടകീയമായിട്ടാണ് ശ്രീറാം വെങ്കിട്ടരാമനെ ആശുപത്രിയിൽ നിന്ന് പുറത്തേയ്ക്കിറക്കുന്നത്. കൈയ്ക്കും കാലിനും ഒടിവോ, ഗുരുതരമായ പരിക്കുകളോ ഇല്ലെന്ന് അപകടത്തിന് ശേഷം ആദ്യമെത്തിച്ച ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ കേസ് ഷീറ്റിലെഴുതിയിരുന്നു. എന്നിട്ടും ശ്രീറാമിനെ പുറത്തേയ്ക്ക് എത്തിക്കുന്നത് സ്ട്രെച്ചറിൽ. മുഖത്ത് മാസ്കും ധരിപ്പിച്ചിരുന്നു. പുറത്തേയ്ക്ക് ഇറക്കുമ്പോൾ, ശ്രീറാം കണ്ണടച്ച് കിടക്കുകയായിരുന്നു.
ക്യാമറകളുടെ ഫ്ലാഷുകൾ മിന്നുന്നതിനിടെ ശ്രീറാമിനെ ആംബുലൻസിലേക്ക് കയറ്റി. ഒരു സംഘം ഡോക്ടർമാരും ശ്രീറാമിനൊപ്പമുണ്ടായിരുന്നു. ശ്രീറാമിനെ ആദ്യമെത്തിച്ചത് വഞ്ചിയൂർ മജിസ്ട്രേറ്റ് എസ് ആർ അമലിന്‍റെ വീട്ടിലേക്ക്. ഞായറാഴ്ച കോടതി അവധിയായതിനാലാണ് വഞ്ചിയൂർ ജുഡീഷ്യൽ മജിസ്ട്രേറ്റിന്‍റെ വീട്ടിലെത്തിച്ചത്.
ശ്രീറാമിനെ മജിസ്ട്രേറ്റ് പുറത്തേയ്ക്ക് വന്നാണ് കണ്ടത്. ആംബുലൻസിലെത്തി ശ്രീറാമിന്‍റെ ആരോഗ്യവിവരങ്ങളെന്തൊക്കെയാണെന്ന് അദ്ദേഹം അന്വേഷിച്ചു. ശ്രീറാമിന്‍റെ പരിക്കുകളുടെ വിവരങ്ങളാണ് ചോദിച്ചത്. ഈ നടപടിക്രമങ്ങൾ പൂർത്തിയാകാൻ പതിവിലും അധികം സമയമെടുത്തു. അതുവരെ ശ്രീറാമിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും എന്നായിരുന്നു പൊലീസ് നൽകുന്ന വിവരം. റിമാൻഡ് പ്രതികളെ സാധാരണ മെഡിക്കൽ കോളേജിലെ ഇരുപതാം നമ്പർ സെല്ലിലേക്കാണ് മാറ്റാറ്. അവിടേക്ക് തന്നെ ശ്രീറാമിനെ കൊണ്ടുപോകും എന്നായിരുന്നു വിവരം.
വിവരങ്ങൾ ചോദിച്ച ശേഷം മജിസ്ട്രേറ്റ് പൊലീസിന് നൽകിയ ഉത്തരവ് പക്ഷേ, അപ്രതീക്ഷിതമായിരുന്നു. ശ്രീറാമിന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടേണ്ട തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളില്ല. ശ്രീറാമിനെ ജില്ലാ ജയിലിലേക്ക് തന്നെ മാറ്റണം. അവിടെ ജയിൽ ഡോക്ടർമാരുടെ സംഘം ശ്രീറാമിനെ പരിശോധിക്കട്ടെ. അവിടെ നിന്ന് ആരോഗ്യപ്രശ്നങ്ങൾ വിലയിരുത്തി മെഡിക്കൽ കോളേജിലേക്ക് മാറ്റണോ അതോ, ജയിലിൽത്തന്നെ തുടരണോ എന്ന കാര്യം അവിടത്തെ ഡോക്ടർമാർ തീരുമാനിക്കട്ടെ - എന്ന് മജിസ്ട്രേറ്റിന്‍റെ തീരുമാനം.
ഇതോടെ പൊലീസും ചേർന്ന് നടത്തിയ ആശുപത്രി നാടകം പൊളിഞ്ഞു. മാസ്കിട്ട് ഗുരുതരാവസ്ഥയിലെന്ന പോലെ പുറത്തിറക്കിയ ശ്രീറാമിനെ ജയിലിലേക്ക് കൊണ്ടുപോയി പരിശോധന നടത്തിയ ശേഷം മാത്രം, ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന മജിസ്ട്രേറ്റിന്‍റെ ഉത്തരവനുസരിച്ച്, ആംബുലൻസ് പൂജപ്പുര സെൻട്രൽ ജയിലിലേക്ക്.
റിമാൻഡ് പ്രതി കഴിഞ്ഞത്, അച്ഛനോടൊപ്പം ആഢംബരമുറിയിൽ
എ സി ഡീലക്സ് മുറിയാണ് ശ്രീറാമിന് കിംസ് ആശുപത്രിയിൽ നൽകിയിരുന്നത്. എംആര്‍എ സ്കാൻ അടക്കം വിദഗ്ധ പരിശോധനകൾ ഉണ്ടെന്നും അതിന് വേണ്ടി ആദ്യം ചികിത്സ തേടിയ ആശുപത്രിയിൽത്തന്നെ തുടരണമെന്നും ഡോക്ടർമാർ പറഞ്ഞു. ഇത് മജിസ്ട്രേറ്റും അംഗീകരിച്ചു. പിന്നെ ഞങ്ങൾ എതിർത്തില്ല എന്നായിരുന്നു പൊലീസിന്‍റെ വിശദീകരണം.
പലപ്പോഴും ശ്രീറാമിന്‍റെ ഫോൺ ഓൺലൈനായിരുന്നു. ആരാണ് ഇത് ഉപയോഗിച്ചതെന്ന് വ്യക്തമല്ല. ശ്രീറാം തന്നെയാണ് ഫോൺ ഉപയോഗിച്ചതെന്ന തരത്തിൽ സംശയങ്ങളുയർന്നു. ശ്രീറാമിന്‍റെ മുറിയ്ക്ക് മുന്നിൽ കനത്ത പൊലീസ് കാവലുമുണ്ടായിരുന്നു. വിശാലമായ ലോബിയും, പഞ്ചനക്ഷത്ര സൗകര്യങ്ങളുമുള്ള എക്സിക്യൂട്ടീവ് മുറിയിൽത്തന്നെയായിരുന്നു ശ്രീറാം കഴിഞ്ഞിരുന്നത്. ഒപ്പം അച്ഛൻ പ്രൊ. വെങ്കട്ടരാമനുമുണ്ടായിരുന്നു.
ഇന്നലെ തന്നെ റിമാൻഡ് ചെയ്തിട്ടും എന്താണ് ശ്രീറാമിന്‍റെ ആരോഗ്യസ്ഥിതിയെന്നത് സംബന്ധിച്ച് വ്യക്തത വരുത്താൻ ആശുപത്രി അധികൃതരോ പൊലീസോ തയ്യാറായിരുന്നില്ല. ഒടുവിൽ റിമാൻഡ് പ്രതിയുടെ സുഖവാസത്തെപറ്റിയുള്ള വാർത്തകൾ പുറത്ത് വന്നതോടെ ശക്തമായ പ്രതിഷേധം എല്ലാ കോണിൽ നിന്നും ഉയർന്നു. പത്രപ്രവർത്തക യൂണിയൻ കിംസ് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തുമെന്ന് മുന്നറിയിപ്പ് നൽകുകയും, ബഷീറിന്റെ ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തുകയും ചെയ്തു. തുടർന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ പ്രതികരണവുമായി രംഗത്തെത്തി. ശ്രീറാമിന് മാത്രമായി പ്രത്യേക പരിഗണനയില്ല. സ്വകാര്യ ആശുപത്രിയിൽ കഴിയുന്നത് പരിശോധിക്കും. പിന്നീട് വേണ്ട നടപടികളെടുക്കും.
പ്രതിഷേധം ശക്തമായപ്പോൾ, ഉച്ചയോടെ ശ്രീറാമിനെ ഡിസ്ചാർജ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് കിംസ് ആശുപത്രിക്ക് കത്ത് കൊടുത്തു. സാധാരണ റിമാൻഡ് പ്രതിയ്ക്ക് കിട്ടാതിരുന്ന സൗകര്യം ഉന്നത ഉദ്യോഗസ്ഥന് ലഭിച്ചപ്പോൾ പ്രതിഷേധവും പല കോണുകളിൽ നിന്നുയർന്നു. അതുതന്നെയാണ് ഒടുവിൽ നടപടിക്രമങ്ങൾ സ്വീകരിക്കാൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കിയതും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam