
തിരുവനന്തപുരം: എസ്എസ്എൽസിക്ക് സംസ്ഥാനത്ത് ഇത്തവണ 99.07 ശതമാനം വിജയം. 30,514 കുട്ടികൾക്ക് മുഴുവൻ വിഷയത്തിലും എപ്ലസാണ്. വിജയശതമാനവും ഫുൾ എപ്ലസും കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞു. പുതിയ കരിക്കുലവും ചോദ്യപേപ്പർ രീതിയിൽ വരുത്തിയ മാറ്റവുമാണ് ഇടിവിന് കാരണം. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ് ആണ് പരീക്ഷഫലം പ്രഖ്യാപിച്ചത്.
വാരിക്കോരി മാർക്കെന്ന ആക്ഷേപം ഒഴിവാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ പരിഷ്കാരം നടപ്പാക്കിയത്. പുതിയ പാഠപുസ്തകങ്ങളായിരുന്നു ഇത്തവണ. കഠിന ചോദ്യങ്ങളുടെ എണ്ണം കൂട്ടി, ചോദ്യപേപ്പർ പാറ്റേണും ഇത്തവണ മാറി. കഴിഞ്ഞ വര്‍ഷത്തേക്കാൾ .43 ശതമാനം കുറവാണ് ഇത്തവണ വിജയം. ഫുൾ എപ്ലസ് കുത്തനെ കുറഞ്ഞ് നേർ പകുതിയോളമായി. ഇത്തവണ ഫുൾ എ പ്ലസ് നേടിയത് 30,514 പേർ മാത്രം. പരീക്ഷ എഴുതിയ 4,10,456 കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി.
ഏറ്റവും കൂടുതൽ പത്തനംതിട്ടയിൽ. 99.72 ശതമാനം ജയം. കുറവ് തിരുവനന്തപുരത്ത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും ജയിച്ചു. പുനർമൂല്യനിർണത്തിനുള്ള അപേക്ഷ നാളെ മുതൽ 21ആം തീയതി വരെ നൽകാം. ജൂൺ ആദ്യവാരത്തിൽ സേ പരീക്ഷ. അവസാന വാരം സേ ഫലം പ്രസിദ്ധീകരിക്കും. 3,60,844 പ്ലസ് 1 റഗുലർ സീറ്റുകളിപ്പോൾ ഉണ്ട്. കൂടുതൽ സീറ്റുകൾ മുൻവർഷത്തെ പോലെ അനുവദിക്കും.25ആം തീയതി മുതൽ പ്ലസ് വൺ അപേക്ഷ ആരംഭിക്കും.
പുതിയ മന്ത്രിയാകാത്തതിനാൽ ഇത്തവണ ഫലം പ്രഖ്യാപിച്ചത് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയാണ്. 1986 ബാച്ചിലെ എസ്എസ്എൽസി മൂന്നാം റാങ്കുകാരി ഇന്ന് ഫലം പ്രഖ്യാപിച്ചതും കൗതുകമായി. results.kite.kerala.gov.in, keralaresults.nic.in, sslcexam.kerala.gov.in, prd.kerala.gov.in, Digi Locker എന്നിവയിൽ ഫലം അറിയാം. 3.30 മുതൽ ഫലം വെബ്സൈറ്റുകളിൽ ലഭ്യമാകും. +9188619958 എന്ന വാട്ട്സ് ആപ് നമ്പറിൽ നിന്നും ഫലം ലഭ്യമാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam