പ്രതിപക്ഷ ഉപനേതാവ് വിഷയം സിപിഐ- സിപിഎം ചർച്ചകളിലൂടെ പരിഹരിക്കേണ്ടതാണെന്നും അത് എൽഡിഎഫിൽ തർക്ക വിഷയം ആക്കേണ്ടതില്ലന്നും മെയ് മാസം തന്നെ ഇരു പാർട്ടികളും തമ്മിൽ ധാരണയിലെത്തിയതാണെന്നും വിശദീകരണത്തിൽ വ്യക്തമാക്കി.

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി മിണ്ടാതെ സിപിഐ എന്ന വാർത്തയിൽ പ്രതികരിച്ച് പാർട്ടി. എൽഡിഎഫ് യോഗത്തിൽ ഉപനേതൃപദവി അവകാശവാദം ഉന്നയിച്ചില്ലെന്നായിരുന്നു വാർത്തകൾ. എന്നാൽ, പുറത്ത് വന്ന റിപ്പോർട്ടുകൾ ഭാവനാസൃഷ്ടിയാണെന്ന് സിപിഐ വാർത്താകുറിപ്പിൽ വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് വിഷയം സിപിഐ- സിപിഎം ചർച്ചകളിലൂടെ പരിഹരിക്കേണ്ടതാണെന്നും അത് എൽഡിഎഫിൽ തർക്ക വിഷയം ആക്കേണ്ടതില്ലന്നും മെയ് മാസം തന്നെ ഇരു പാർട്ടികളും തമ്മിൽ ധാരണയിലെത്തിയതാണെന്നും വിശദീകരണത്തിൽ വ്യക്തമാക്കി.

ധാരണപ്രകാരം ഉഭയ കക്ഷി ചർച്ച സിപിഐയും സിപിഎമ്മും നടക്കുന്നു. ഈ തർക്കം തീരാതെ എൽഡിഎഫ് പാർലിമെന്ററി പാർട്ടി യോഗം ചേരുന്നത് ഉചിതമായിരിക്കുകയില്ലെന്നും രേഖാമൂലം തന്നെ സിപിഐ, സിപിഎമ്മിനെ അറിയിച്ചതുമാണ്. ആ നിലപാടിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ഉഭയകക്ഷി ചർച്ചകൾ തുടരും. വസ്തുത ഇങ്ങനെ ആയിരിക്കെ തങ്ങളുടെ ഭാവനക്കനുസരിച്ച് കഥകൾ മെനയുകയാണ് ചില മാധ്യമങ്ങൾ ചെയ്യുന്നതെന്നും സിപിഐ അറിയിച്ചു.