വാഹനം കടത്തി വിടാത്തതിൽ തർക്കം, പാലിയേക്കര ടോൾ പ്ലാസയിൽ കത്തിക്കുത്ത്

By Web TeamFirst Published Jul 9, 2021, 9:22 AM IST
Highlights

പാലിയേക്കര ടോൾ പ്ലാസയിൽ സാധാരണ തർക്കങ്ങൾ പതിവാണ്. എന്നാൽ കത്തിക്കുത്ത് ഉണ്ടാകുന്നത് ഇതാദ്യമാണ്. ടോൾ പ്ലാസയിലെ രണ്ട് ജീവനക്കാർക്കാണ് കുത്തേറ്റത്. വാക്കുതർക്കത്തിൽ തുടങ്ങി കത്തിക്കുത്തിലെത്തിയ സംഘർഷം...

തൃശ്ശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ വാഹനം കടത്തി വിടാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കത്തിക്കുത്ത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവമുണ്ടായത്. ടോൾ പ്ലാസയിലെ രണ്ട് ജീവനക്കാർക്ക് സംഘർഷത്തിൽ കുത്തേറ്റു. ടി ബി അക്ഷയ്, നിധിൻ ബാബു എന്നീ ജീവനക്കാർക്കാണ് കുത്തേറ്റത്. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

സംഭവത്തിന് പിന്നിൽ രണ്ട് പേരാണെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ വിശദമായി പൊലീസ് പരിശോധിച്ചു. കത്തിക്കുത്തുണ്ടായതിന് പിന്നാലെ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പുതുക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്. കുത്തേറ്റ രണ്ട് പേരുടെയും നില ഗുരുതരമല്ല. ഇവരിൽ നിന്ന് മൊഴിയെടുത്ത ശേഷം വിശദമായ അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്. പ്രതികളുടെ കാർ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നുണ്ട്. ഇവരെ ഉടൻ പിടികൂടാനാകുമെന്നാണ് പൊലീസ് അറിയിക്കുന്നത്. അങ്കമാലി മുക്കന്നൂർ സ്വദേശികളുടേതാണ് കാർ. 

ഇന്നലെ രാത്രി പതിനൊന്നരയോടെ ടോൾ പ്ലാസയിലെത്തിയ കാർ കടന്നുപോകാൻ ഉടൻ ബാരിയർ മാറ്റിയില്ല. ഇതേച്ചൊല്ലിയാണ് ആദ്യം ജീവനക്കാരുമായി അക്രമികൾ വാക്കുതർക്കത്തിലേർപ്പെട്ടത്. കാറിൽ നിന്ന് ഇറങ്ങിയ അക്രമികൾ ആദ്യം ജീവനക്കാരുമായി തർക്കം തുടങ്ങി. അതിന് ശേഷം കയ്യാങ്കളിയായി. പിന്നീട് ഇത് കത്തിക്കുത്തിലെത്തുകയായിരുന്നു. 

പ്രതികൾക്ക് ഇവിടെയുള്ള ജീവനക്കാരുമായി മുമ്പും ടോൾ പ്ലാസയിൽ വാഹനം കടത്തി വിടാത്തതിനെച്ചൊല്ലി മുൻവൈരാഗ്യമുണ്ടായിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. വിശദമായി കുത്തേറ്റവരിൽ നിന്ന് മൊഴിയെടുക്കും.

പാലിയേക്കര ടോൾ പ്ലാസയിൽ സാധാരണ തർക്കങ്ങൾ പതിവാണ്. എന്നാൽ കത്തിക്കുത്ത് ഉണ്ടാകുന്നത് ഇതാദ്യമാണ്. 

click me!