
കൊല്ലം: കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ചു കൊന്ന കേസിലെ പ്രതി അമ്മ രേഷ്മയെ ജയിലിൽ ചോദ്യംചെയ്തു. ആര്യയും ഗ്രീഷ്മമയും അനന്തു എന്ന വ്യാജ ഐഡി ഉപയോഗിച്ച് കബളിപ്പിച്ചതായിരുന്നുവെന്ന വിവരം പൊലീസ് സംഘം രേഷ്മയെ അറിയിച്ചു. വിവരമറിഞ്ഞതോടെ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ രേഷ്മ പൊട്ടിക്കരഞ്ഞു. അനന്തു എന്ന ഫേസ് ബുക്ക് സുഹൃത്തിനെ കാണാൻ വർക്കലയിൽ പോയിരുന്നുവെന്ന് രേഷ്മ മൊഴി നൽകി. എന്നാൽ കാണാൻ കഴിയാതെ മടങ്ങി. ഗർഭിണി ആയിരുന്ന കാര്യം ചാറ്റിൽ സൂചിപ്പിച്ചിരുന്നില്ലെന്നാണ് രേഷ്മ പൊലീസിനോട് പറഞ്ഞത്.
കൊല്ലം കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ചു കൊന്ന കേസിലെ വമ്പന്‍ വഴിത്തിരിവായിരുന്നു രേഷ്മയുടെ ബന്ധുക്കളായ യുവതികളുടെ ആത്മഹത്യ. വ്യാജ ഐഡിയിലൂടെ രേഷ്മയുടെ ബന്ധുക്കള്‍ നടത്തിയ ചാറ്റിംഗടക്കമുള്ള വിവരങ്ങളിലേക്ക് പിന്നീടാണ് പൊലീസ് എത്തിച്ചേർന്നത്.
കരിയില കൂനയില്‍ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ കുഞ്ഞിന്‍റെ അമ്മയായ രേഷ്മയെ പ്രേരിപ്പിച്ചത് വ്യാജ ഐഡിയിലൂടെ ബന്ധുക്കള്‍ നടത്തിയ ചാറ്റിംഗാണെന്ന് പൊലീസ് ഉറപ്പിച്ചത്, മരിച്ച ഗ്രീഷ്മയുമായി സൗഹൃദമുണ്ടായിരുന്ന യുവാവില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. പ്രാങ്കിംഗ് എന്ന പേരില്‍ രേഷ്മയെ കബളിപ്പിക്കാനാണ് വ്യാജ ഐഡിയിലൂടെ ചാറ്റിംഗ് നടത്തിയിരുന്നതെന്ന് മരിച്ച ഗ്രീഷ്മ യുവാവിനോട് പറഞ്ഞിരുന്നു. ടെക്സ്റ്റ് മെസേജുകള്‍ അയക്കുന്നതല്ലാതെ ഒരിക്കല്‍ പോലും വീഡിയോ കോളോ വോയ്സ് കോളോ വിളിക്കാതെയാണ് യുവതികള്‍ രേഷ്മയെ കബളിപ്പിച്ചിരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam