
വെള്ളിത്തിരയിലെ മിന്നും താരങ്ങൾ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയാൽ മലയാളി വോട്ട് ചെയ്യുമോ? ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ഉയരുന്ന ചോദ്യമാണ് ഇത്. കേരളത്തിന് പുറത്ത് എംജിആറും ജയലളിതയും കരുണാനിധിയും പവൻ കല്യാണും കമൽഹാസനും തുടങ്ങി ഇപ്പോൾ വിജയ് വരെ എത്തി നിൽക്കുന്ന വലിയ പട്ടിക നമുക്ക് മുന്നിലുണ്ട്. പക്ഷേ അതിര്‍ത്തി കടന്ന് ഇങ്ങ് കേരളത്തിൽ എത്തിയാൽ താരപ്പൊലിമയെ നെഞ്ചേറ്റി ഭരണം കൂടി കൊടുക്കുന്നത് മലയാളിക്ക് പതിവുള്ള കാര്യമല്ല. മുരളി, ജഗദീഷ്, ലെനിൻ രാജേന്ദ്രനുമെല്ലാം ഇത്തരത്തിൽ തോറ്റ് പോയവരാണ്.
വെള്ളിത്തിരയിൽ നായകനായി തിളങ്ങിയതുകൊണ്ട് മാത്രം ഒരാൾക്ക് വോട്ട് നൽകുന്ന പതിവ് പണ്ടേ കേരളത്തിലില്ല. എന്നാൽ, ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പത്രികാ സമർപ്പണം പൂർത്തിയാകുമ്പോൾ ഒരു കാര്യം വ്യക്തം, മുന്നണികൾ തങ്ങളുടെ ശക്തിയായി കരുതുന്നത് ജനപ്രിയ മുഖങ്ങളെയാണ്. ഇത് കേവലം സിനിമാതാരങ്ങളുടെ രാഷ്ട്രീയ പ്രവേശനം എന്നതിലുപരി, വോട്ടർമാരെ സ്വാധീനിക്കാൻ പാർട്ടികൾ കണ്ടെത്തുന്ന സ്ട്രാറ്റജി കൂടിയാണ്.
ഇത്തവണത്തെ ഏറ്റവും വലിയ ചർച്ചാവിഷയം രമേഷ് പിഷാരടിയുടെ സ്ഥാനാര്‍ത്ഥിത്വം തന്നെയാണ്. സാധാരണ ഗതിയിൽ സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തുന്നവർ ഒരു സേഫ് സോൺ നോക്കാറുണ്ട്. എന്നാൽ പിഷാരടി തെരഞ്ഞെടുത്തത് കോൺഗ്രസിന്‍റെ ഉറച്ച കോട്ടയായ പാലക്കാടാണ്. കനത്ത രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ണിലേക്കാണ് താരം എത്തിയിട്ടുള്ളത്. ഇവിടെ നമ്മൾ കാണേണ്ടത് പിഷാരടി എന്ന നടനെയല്ല, മറിച്ച് സോഷ്യൽ മീഡിയയിലും യുവാക്കൾക്കിടയിലും സ്വാധീനമുള്ള ഒരു ഇൻഫ്ലുവൻസറെയാണ്. തൃപ്പൂണിത്തുറയിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ പാലക്കാട്ടേക്കുള്ള അദ്ദേഹത്തിന്റെ മാറ്റം ഒരു സർപ്രൈസ് മൂവ് ആയിരുന്നു.
തിരുവനന്തപുരം സെൻട്രലിൽ സുധീർ കരമനയുടെ വരവ് ഒരു വൈകാരിക തലം കൂടി ഉള്ളതാണ്. ആൻ്റണി രാജുവിന് സീറ്റില്ലാതായതോടെ എൽഡിഎഫ് കണ്ടെത്തിയ സുധീർ, വെറുമൊരു നടനായല്ല ജനങ്ങൾക്ക് മുന്നിലെത്തുന്നത്. യൂണിവേഴ്സിറ്റി കോളേജിലെ പഴയ എസ്എഫ്ഐ പാരമ്പര്യവും കരമന ജനാർദ്ദനൻ നായർ എന്ന വലിയ പ്രതിഭയുടെ മകൻ എന്ന ഇമേജും അദ്ദേഹത്തിന് മുതൽക്കൂട്ടാണ്. തലസ്ഥാനത്തെ വോട്ടർമാർക്ക് സുധീർ ഒരു പുത്തൻ മുഖമല്ല, മറിച്ച് തങ്ങളുടെ ഇടയിൽ വളർന്ന ഒരാളാണ്. രാഷ്ട്രീയ കൃത്യതയുള്ള ഒരാളെ സെലിബ്രിറ്റി പരിവേഷത്തോടെ അവതരിപ്പിക്കുക എന്ന തന്ത്രമാണ് ഇവിടെ ഇടതുപക്ഷം പയറ്റുന്നത്.
കുന്നത്തുനാട്ടിലെ പരീക്ഷണങ്ങൾ മറ്റ് മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ട് ട്വന്‍റി 20 ഇക്കുറി ഒരു സ്റ്റാർ പരേഡ് തന്നെയാണ് നടത്തുന്നത്. അഖിൽ മാരാർ തൃക്കാക്കരയിൽ എത്തുമ്പോൾ അത് രാഷ്ട്രീയ ചർച്ചകളെ മറ്റൊരു തലത്തിലേക്ക് മാറ്റുന്നു. ബിഗ് ബോസ് പോലുള്ള റിയാലിറ്റി ഷോകളിലൂടെ മലയാളി വീട്ടമ്മമാർക്കും യുവാക്കൾക്കും ഇടയിൽ തന്റേതായ ഇടം കണ്ടെത്തിയ അഖിൽ, വോട്ടർമാരോട് സംസാരിക്കുന്നത് ഒരു സാധാരണ രാഷ്ട്രീയക്കാരന്റെ ഭാഷയിലല്ല. തൃപ്പൂണിത്തുറയിലെ അഞ്ജലി നായരും ഏറ്റുമാനൂരിലെ ആതിര ഡി. നായരും ഇതേ പോപ്പുലാരിറ്റി സ്ട്രാറ്റജിയുടെ ഭാഗമാണ്. എന്നാൽ വോട്ടർ പട്ടികയിലെ പിഴവുകൾ കാരണം ലക്ഷ്മി പ്രിയയ്ക്കും വീണ നായർക്കും പിന്മാറേണ്ടി വന്നത് ട്വന്‍റി 20-യുടെ പ്ലാനുകളിൽ ചെറിയ വിള്ളലുകൾ വീഴ്ത്തിയിട്ടുണ്ട്.
ബിജെപി ഇത്തവണയും തങ്ങളുടെ വോട്ട് ഷെയർ വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നത് സെലിബ്രിറ്റികളെ മുൻനിർത്തിയാണ്. കുണ്ടറയിൽ റോബിൻ രാധാകൃഷ്ണന്‍റെ സാന്നിധ്യം യുവാക്കൾക്കിടയിൽ വലിയ ഓളമുണ്ടാക്കുമെന്നാണ് ബിജെപി പ്രതീക്ഷ. ഒരു രാഷ്ട്രീയക്കാരൻ എന്നതിലുപരി ഒരു യൂത്ത് ഐക്കൺ എന്ന നിലയിലാണ് റോബിൻ വോട്ട് തേടുന്നത്. അരുവിക്കരയിൽ വിവേക് ഗോപനും ഒറ്റപ്പാലത്ത് മേജർ രവിയും എത്തുമ്പോൾ ബിജെപി ലക്ഷ്യമിടുന്നത് നിഷ്പക്ഷ വോട്ടുകളെയാണ്. സിനിമയിലെ ഗ്ലാമറിനൊപ്പം തങ്ങളുടെ ദേശീയ നിലപാടുകൾ കൂടി ചേർത്തുവെച്ചാണ് ഇവർ ജനങ്ങളെ സമീപിക്കുന്നത്.
ഈ താരപ്പോരുകൾക്കിടയിലും തലയുയർത്തി നിൽക്കുന്ന ഒരാളുണ്ട്, കെ ബി ഗണേഷ് കുമാർ. പത്തനാപുരത്തുകാർക്ക് ഗണേഷ് ഒരു സിനിമ നടനല്ല, മറിച്ച് തങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന ഒരു ജനപ്രതിനിധിയാണ്. രാഷ്ട്രീയത്തിൽ സിനിമയേക്കാൾ കൂടുതൽ പാരമ്പര്യമുള്ള ഗണേഷ് കുമാർ, രണ്ട് പതിറ്റാണ്ടായി തന്റെ മണ്ഡലം കാത്തുസൂക്ഷിക്കുന്നു. 2016-ൽ മൂന്ന് നടന്മാർ ഏറ്റുമുട്ടിയ പത്തനാപുരം ചരിത്രമാണ്. എന്നാൽ ഇത്തവണ മുകേഷും ജി. കൃഷ്ണകുമാറും ധർമജനും മത്സരരംഗത്തില്ലാത്തത് സിനിമ മേഖലയിലെ രാഷ്ട്രീയ പരീക്ഷണങ്ങൾ കുറയുന്നതിന്റെ സൂചനയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
മഞ്ഞളാംകുഴി അലി, മാണി സി കാപ്പൻ തുടങ്ങിയവർ സിനിമയും രാഷ്ട്രീയവും ഒരുപോലെ കൊണ്ടുപോകുന്നവരാണ്. ഇവർക്ക് സിനിമ ഒരു ലേബൽ മാത്രമാണ്. എന്നാൽ പുതിയ തലമുറയിലെ താരങ്ങൾ രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ മലയാളി വോട്ടർമാർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, ഇവർ നമുക്ക് വേണ്ടി നിയമസഭയിൽ ശബ്‍ദിക്കുമോ? മലയാള സിനിമയിലെ പ്രമുഖർ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ അത് ജനാധിപത്യത്തിന് പുതിയൊരു ഊർജ്ജം നൽകുന്നുണ്ടെങ്കിലും, വെറും ഗ്ലാമർ കൊണ്ട് മാത്രം ഇവിടെ ജയിച്ചു കയറാനാവില്ല. പല താരങ്ങളും വീണ മണ്ണാണ് ഇത്.
അതുകൊണ്ട് തന്നെ ഇത്തവണത്തെ താരസ്ഥാനാർത്ഥികൾക്ക് മുന്നിലുള്ളത് വലിയൊരു അഗ്നിപരീക്ഷയാണ്. ഫലം വരുമ്പോൾ ആരൊക്കെ നിയമസഭയുടെ പടവുകൾ കയറുമെന്നും ആരൊക്കെ വെള്ളിത്തിരയിലേക്ക് തന്നെ മടങ്ങുമെന്നും കേരളം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam