
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണം സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്ന് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കും. മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും. പ്രതിപക്ഷം പിന്തുണയ്ക്കും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചു കൂട്ടിയ സര്‍വകക്ഷി യോഗത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണം നടപ്പാക്കുന്നതിലെ ആശങ്കകൾ സിപിഎമ്മും കോണ്‍ഗ്രസും ഉള്‍പ്പെടെയുളള കക്ഷികൾ പങ്കുവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രമേയം ഒന്നിച്ചു പാസാക്കാനുള്ള തീരുമാനം. വോട്ടർ പട്ടിക പരിഷ്കരണം തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെ നീട്ടിവെക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് പ്രതിപക്ഷം ഇന്ന് സഭയിൽ അടിയന്തര പ്രമേയം കൊണ്ടു വരും.
കേരളത്തില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണം നീട്ടണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. എസ്ഐആര്‍ ഉടൻ നടപ്പാക്കിയാൽ തദ്ദേശ തെരെഞ്ഞെടുപ്പിനെ ബാധിക്കും എന്നാണ് വിലയിരുത്തല്‍. വോട്ടർ പട്ടിക പരിഷ്കരണം നടപ്പാക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രാഷ്ട്രീയപ്പാർട്ടികളുമായി യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തെ എൽഡിഎഫും യുഡിഎഫും എതിര്‍ക്കുകയാണ് ചെയ്തത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച സര്‍വകക്ഷി യോഗത്തിൽ പരിഷ്കരണത്തിന് 2002ലെ വോട്ടര്‍ പട്ടിക ആധാരമാക്കുന്നതിനെയും ഇവര്‍ വിമര്‍ശിച്ചു. എന്നാൽ ബിജെപി പരിഷ്കരണത്തെ പിന്തുണയ്ക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam