ഉദുമ എംഎൽഎ ഭീഷണിപ്പെടുത്തിയെന്ന പരാതി; നേരിട്ട് തെളിവെടുക്കാനൊരുങ്ങി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ

By Web TeamFirst Published Mar 16, 2021, 11:05 AM IST
Highlights

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബൂത്തിലുണ്ടായിരുന്ന പോളിംഗ് ഓഫീസർമാരെയും പരാതിക്കാരെയും വിളിച്ച് വരുത്തും.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നേരിട്ട് തെളിവെടുക്കാനൊരുങ്ങി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബൂത്തിലുണ്ടായിരുന്ന പോളിംഗ് ഓഫീസർമാരെയും പരാതിക്കാരെയും വിളിച്ച് വരുത്തും.

പ്രിസൈഡിംഗ് ഓഫീസറുടെ പരാതിക്ക് അടിസ്ഥാനമില്ലെന്ന് കാസർകോട് കളക്ടർ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. കളക്ടറെ മാറ്റണമെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. യുഡിഎഫിൻ്റെ പരാതിയിൽ ചീഫ് ഇലക്ട്രൽ ഓഫീസർ റവന്യൂ സെക്രട്ടറിയോട് റിപ്പോർട്ട് തേടി. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രിസൈഡിംഗ് ഓഫീസറുടെ പരാതി ഉൾപ്പടെ പരിശോധിക്കാനാണ് ചീഫ് ഇലക്ട്രൽ ഓഫീസറുടെ നിർദ്ദേശം.

തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് നടന്ന ഡിസംബർ 14ന് ആലക്കോട് ചെർക്കളപ്പാറ ജിഎൽപി സ്കൂളിൽ വ്യാപക കള്ളവോട്ട് നടന്നെന്ന് പ്രിസൈംഡിംഗ് ഓഫീസറായ കെ എം ശ്രീകുമാർ ഫേസ്ബുക്കിലൂടെയാണ് വെളിപ്പെടുത്തിയത്. കള്ളവോട്ട് തടയാനായി വോട്ടർമാരുടെ ഐഡി പരിശോധിക്കാൻ ശ്രമിച്ചപ്പോൾ ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ കാൽവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബൂത്തിലെ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചിരുന്നു. 

click me!