
കൊല്ലം : കൊട്ടാരക്കര ഐ.ടി നഗരമായി മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ആദ്യത്തെ വര്‍ക്ക് നിയര്‍ ഹോം ‘കമ്മ്യൂണ്‍' ഉദ്ഘാടനം കൊട്ടാരക്കരയിലെ അമ്പലക്കര മൈതാനത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ പദ്ധതി എല്ലാപ്രദേശങ്ങളിലും പ്രാവര്‍ത്തികമാക്കാനാകും. കേരളത്തിലെ തദ്ദേശതലസ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം.
കെ-ഡിസ്‌ക്കിന്റെ നേതൃത്വത്തില്‍ നോളജ് ഇക്കണോമി മിഷന്‍ മുഖേന നൈപുണ്യ പരിശീലനം നല്‍കുന്നു. പഠനത്തോടൊപ്പം ആവശ്യമായ നൈപുണ്യവും സമ്പാദിക്കാനാണിത്. പഠനം കഴിഞ്ഞവര്‍ക്കും തൊഴില്‍ ലഭിക്കാത്തവര്‍ക്കും അതാത് മേഖലയുമായി ബന്ധപ്പെട്ട പരിശീലനം നല്‍കുന്നതിനും സൗകര്യം ഒരുക്കി. പല കാരണങ്ങള്‍ കൊണ്ടും ജോലി ഉപേക്ഷിക്കേണ്ടി വന്ന അഭ്യസ്തവിദ്യരായ സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പരിശീലനത്തിലൂടെ നൈപുണ്യവും തൊഴിലവസരവും ഉറപ്പാക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പും വ്യവസായ സ്ഥാപനങ്ങളുമായി ചേര്‍ന്നും പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.
കൊട്ടാരക്കരയില്‍ ഐടി പാര്‍ക്കിന് പുറമേ സംസ്ഥാനത്തെ ആദ്യത്തെ ഡ്രോണ്‍ പാര്‍ക്ക്, സയന്‍സ് മ്യൂസിയം, പ്ലാനറ്റേറിയം, ആധുനിക സ്റ്റേഡിയം, കേരള യൂണിവേഴ്‌സിറ്റിയുടെ റീജ്യണല്‍ സെന്റര്‍ എന്നിവ കൂടി സ്ഥാപിക്കും. ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, മുനിസിപ്പല്‍ ആസ്ഥാനനിര്‍മ്മാണം എന്നിവയുടെ നടപടി പുരോഗമിക്കുന്നു. നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി ബൈപ്പാസ് നിര്‍മ്മാണത്തിന് സ്ഥലമേറ്റെടുപ്പിനുള്ള വിജ്ഞാപനവുമായി.
കിഫ്ബിയിലൂടെ സമാന്തര ധനകാര്യസ്രോതസ് സൃഷ്ടിച്ചാണ് 90,000 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് അംഗീകാരം ആയത്. കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലും വികസനസാക്ഷ്യങ്ങള്‍ കാണാം. നവകേരളം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള സര്‍ക്കാരിന്റെ നീക്കത്തിന് പിന്തുണയും മുഖ്യമന്ത്രി ആവശ്യപെട്ടു.
ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷനായി. പ്രാദേശിക തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുക, കഴിവുള്ള പ്രൊഫഷണലുകളെ നാട്ടിലേക്ക് തിരിച്ച് എത്തിക്കുക, കേരളത്തെ ആഗോള സ്‌കില്‍ ഡെവലപ്‌മെന്റ് ഹബ്ബായി ഉയര്‍ത്തുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നു അദ്ദേഹം പറഞ്ഞു. വര്‍ക്ക് നിയര്‍ ഹോമിലെ 150 സീറ്റുകളില്‍ 80 എണ്ണവും വിവിധ കമ്പനികള്‍ ഏറ്റെടുത്തു. അതിവേഗ ഇന്റര്‍നെറ്റ്, ശീതീകരണമുള്‍പ്പെടെ അത്യാധുനിക തൊഴില്‍ അന്തരീക്ഷമാണ് ഒരുക്കിയിട്ടുള്ളത്. 80 കോടിയിലധികം രൂപ ചിലവഴിച്ച് 1500 പേര്‍ക്ക് ജോലി ചെയ്യാന്‍ സൗകര്യമൊരുക്കുന്ന രവിനഗറിലെ ഐ ടി പാര്‍ക്ക് രണ്ടാംഘട്ട ടെന്‍ഡര്‍ നടപടികളിലേക്ക് നീങ്ങുകയാണ്. എഴുകോണ്‍ പോളിടെക്‌നിക്കില്‍ ഡ്രോണ്‍ റിസര്‍ച്ചുമായി ബന്ധപ്പെട്ട കോഴ്‌സ് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
നേത്രാസെമി, പ്രോംടെക് ഗ്ലോബല്‍, വൊന്യൂ, സോഹോ തുടങ്ങിയ കമ്പനികള്‍ക്ക് വര്‍ക്ക് നിയര്‍ ഹോമില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ധാരണാപത്രം ചടങ്ങില്‍ കൈമാറി.
സോഹോ കോര്‍പ്പറേഷന്‍ കോ-ഫൗണ്ടര്‍ ടോണി തോമസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, കൊട്ടാരക്കര മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ അനിത ഗോപകുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ആര്‍. അരുണ്‍ ബാബു, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. രേഖ, ദിവ്യ ചന്ദ്രശേഖര്‍, പി പ്രിയ, മനു ബിനോദ്, വി വിദ്യ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജി സരസ്വതി, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ. വി.സുമലാല്‍, കെ. എസ്. ഷിജുകുമാര്‍, കൊട്ടാരക്കര നഗരസഭ വൈസ് ചെയര്‍മാന്‍ എ. ഷാജു, വാര്‍ഡ് കൗണ്‍സിലര്‍ എസ്.ആര്‍. രമേശ്, കെ-ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പി. വി. ഉണ്ണികൃഷ്ണന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.എം റിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam