ജലീലിനെതിരായ ലോകായുക്ത ഉത്തരവ് സർക്കാരിന് നേരിട്ട് ചലഞ്ച് ചെയ്യാം, എജി

By Web TeamFirst Published Apr 14, 2021, 9:43 AM IST
Highlights

ലോകായുക്തയുടേത് ചട്ടങ്ങൾ പാലിക്കാതെ ഇറക്കിയ ഉത്തരവാണെന്നാണ് എജി നൽകിയിരിക്കുന്ന നിയമോപദേശം. പരാതി ലഭിച്ചാൽ അന്വേഷണത്തിന് മുമ്പ് എതിർകക്ഷിക്ക് പരാതിയുടെ പകർപ്പ് നൽകണമെന്നാണ് ചട്ടം. ജലീലിന് പരാതിയുടെ പക‍ർപ്പ് നൽകിയത് അന്തിമ ഉത്തരവിന് ഒപ്പമെന്നും എജി. 

കൊച്ചി: ബന്ധുനിയമനവിവാദത്തിൽ മുൻമന്ത്രി കെ ടി ജലീലിന് എതിരായ ലോകായുക്ത ഉത്തരവിനെ സർക്കാരിന് തന്നെ നേരിട്ട് എതിർത്ത് ഹർജി നൽകാമെന്ന് അഡ്വക്കറ്റ് ജനറലിന്‍റെ നിയമോപദേശം. ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്ത് മുൻമന്ത്രിയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചത്. ജലീലിനൊപ്പം സർക്കാരിന് നേരിട്ടും ഉത്തരവിനെ ചോദ്യം ചെയ്ത് ഹർജി നൽകാമെന്നാണ് എജി നിയമോപദേശം നൽകിയിരിക്കുന്നത്.

ചട്ടങ്ങൾ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് എജി വ്യക്തമാക്കുന്നത്. ലോകായുക്ത ആക്ട് സെക്ഷൻ 9 പ്രകാരമുള്ള നടപടി ക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും നിയമോപദേശത്തിൽ എജി പറയുന്നു.  പരാതി ലഭിച്ചാൽ അന്വേഷണത്തിന് മുമ്പ് എതിർകക്ഷിക്ക് പരാതിയുടെ പകർപ്പ് നൽകണമെന്നാണ് ഈ ചട്ടം അനുശാസിക്കുന്നത്. ജലീലിന് പരാതിയുടെ പക‍ർപ്പ് നൽകിയത് അന്തിമ ഉത്തരവിന് ഒപ്പമെന്നും ഇത് നിലനിൽക്കില്ലെന്നും എജി നിയമോപദേശത്തിൽ നിരീക്ഷിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാരിനും തുടർനടപടികൾ സ്വീകരിക്കാമെന്നാണ് എജി പറയുന്നത്.

ബന്ധുനിയമന വിവാദത്തിൽ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന ലോകായുക്താ ഉത്തരവിനെതിരെ കെ ടി ജലീൽ സമ‍ർപ്പിച്ച ഹർജി ഹൈക്കോടതി പ്രാഥമിക വാദം കേട്ട ശേഷം ഉത്തരവിനായി മാറ്റിയിരിക്കുകയാണ് ഇപ്പോൾ. ജലീൽ മന്ത്രിസ്ഥാനത്തുനിന്ന് രാജി വച്ചതായി അഭിഭാഷകൻ വാദത്തിനിടെ ഡിവിഷൻ ബെഞ്ചിനെ അറിയിച്ചിരുന്നു. ലോകായുക്ത ഉത്തരവിനെതിരെ ഹൈക്കോടതിയിൽ വാദം തുടരുന്നതിനിടെയാണ് കെ ടി ജലീൽ ഇന്നലെ ഉച്ചയോടെ മുഖ്യമന്ത്രിയുടെ ഓഫീസിന് രാജിക്കത്ത് നൽകിയത്.  

ലോകായുക്തയുടെ നടപടികൾ ചട്ടവിരുദ്ധവും വഴിവിട്ടതുമാണെന്ന് സ്ഥാപിക്കാനാണ് പ്രാഥമിക വാദത്തിൽ ജലീൽ ശ്രമിച്ചത്. തനിക്കെതിരായ പരാതിയിൽ പ്രാഥമികാന്വേഷണമോ അന്തിമ പരിശോധനയോ ഉണ്ടായില്ല. ചട്ടങ്ങൾക്ക് പുറത്തുനിന്നാണ് ലോകായുക്ത നടപടികൾ സ്വീകരിച്ചതും ഉത്തരവിറക്കിയതും. ഈ ഉത്തരവ് അതേപടി സ്വീകരിക്കാൻ മുഖ്യമന്ത്രിക്ക് ബാധ്യതയില്ല.  വേണമെങ്കിൽ ഉത്തരവിലെ നിർദേശം നടപ്പാക്കാതെയും ഇരിക്കാമെന്നും ജലീലിന്‍റെ അഭിഭാഷകൻ വാദിച്ചു. 

ഇതിനെ പിന്താങ്ങി സർക്കാരും ഇന്നലെ വാദത്തിനിടെ രംഗത്തെത്തിയിരുന്നു. ജലീലിന്‍റെ കാര്യത്തിൽ മൗലികാവകാശ ലംഘനമുണ്ടായെന്ന് സ്റ്റേറ്റ് അറ്റോർണി വാദിച്ചു. സ്വന്തം ഭാഗം പറയാൻ കൃത്യമായ അവസരം കിട്ടിയില്ല. 

എന്നാൽ സ്വന്തമായി അന്വേഷണം നടത്താൻ ലോകായുക്തക്ക് അധികാരമുണ്ടെന്ന് ഡിവിഷൻ ബെഞ്ച് ജലീലിനെയും സർക്കാരിനേയും ഓർമിപ്പിച്ചു. ജലീൽ ഇപ്പോഴും മന്ത്രിയാണോയെന്ന് കോടതി ചോദിച്ചപ്പോഴാണ്  രാജിവെച്ച കാര്യം അഭിഭാഷകൻ അറിയിച്ചത്.  ലോകായുക്തയുടെ ഉത്തരവിലെ തുടർ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ഹർജിയിൽ ഉണ്ടായിരുന്നെങ്കിലും പ്രാഥമിക വാദത്തിനിടെ ജലീലിന്‍റെ അഭിഭാഷകൻ ഇക്കാര്യം സൂചിപ്പിച്ചില്ല. ഒന്നര മണിക്കൂർ വാദം കേട്ട ഡിവിഷൻ ബെഞ്ച് ഹർജി ഫയലിൽ സ്വീകരിക്കുന്ന കാര്യത്തിൽ ഉത്തരവിനായി മാറ്റി വച്ചിരിക്കുകയാണ്. ഹർജി തളളുമോ, അതോ സ്റ്റേ അനുവദിച്ച് ഫയലിൽ സ്വീകരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ഇതിനിടെയാണ് സർക്കാർ നേരിട്ട് ഹൈക്കോടതിയിൽ ഹർജിയുമായി എത്തിയേക്കുമെന്ന സൂചനയുമായി എജിയുടെ നിയമോപദേശം വരുന്നത്. 

click me!