
തിരുവനന്തപുരം: പെരിയ ഇരട്ട കൊലക്കേസ് രേഖകള്‍ സിബിഐക്ക് കൈമാറാതെ സംസ്ഥാന സര്‍ക്കാര്‍. കേസ് ഡയറിയടക്കം രേഖകള്‍ കിട്ടിയിട്ടില്ലെന്ന് സിബിഐ പറഞ്ഞു. ഇതോടെ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണ്. സിബിഐ സത്യവാങ്മൂലം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് കേസ് ഹൈക്കോടതി സിബിഐക്ക് കൈമാറിയത്.
പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ അക്കമിട്ട് നിരത്തിയാണ് ഹൈക്കോടതി ഇരട്ട കൊലക്കേസിൽ കുറ്റപത്രം റദ്ദാക്കി കേസ് സിബിഐയ്ക്ക് കൈമാറിയത്. 2019 ഓക്ടോബർ 25 ന് കേസ് എറ്റെടുത്ത് സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകി. എന്നാൽ സർക്കാർ അപ്പീലുമായി ഡിവിഷൻ ബഞ്ചിനെ സമീപിച്ചു. സിംഗിൾ ബഞ്ച് ഉത്തരവ് നിലവിൽ ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തിട്ടില്ല. ഈ സഹാചര്യത്തിൽ അന്വേഷണത്തിനും തടസ്സമില്ല. സർക്കാർ അപ്പീലിൽ വാദം പൂർത്തിയാക്കി ഹൈക്കോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. സുപ്രീംകോടതിയിൽ നിന്നുള്ള മുതിർന്ന അഭിഭാഷകരായിരുന്നു സർക്കാരിനായി ഹൈക്കോടതിയിൽ ഹാജരായത്.
അതേസമയം പെരിയ ഇരട്ടകൊലപാത കേസിൽ സിബിഐ അന്വേഷണം നിലച്ചെന്നാരോപിച്ച് കൊച്ചി സിബിഐ ഓഫീസിന് മുന്നിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ദിവസങ്ങള്‍ക്ക് മുമ്പ് പ്രതിഷേധിച്ചിരുന്നു. കൃപേഷ്, ശരത് ലാൽ എന്നിവരുടെ രക്ഷിതാക്കളും ബന്ധുക്കളുമാണ് സമരം നടത്തിയത്. സംസ്ഥാന സർക്കാർ ഇടപെടലാണ് അന്വേഷണത്തെ അട്ടിമറിക്കുന്നതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.
Read More: പെരിയ ഇരട്ടക്കൊല നടന്നിട്ട് ഒരു വർഷം; ആര് അന്വേഷിക്കണം എന്നതിനെ ചൊല്ലി നിയമയുദ്ധം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam