നേപ്പാള്‍ ദുരന്തം; മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും

By Web TeamFirst Published Jan 22, 2020, 5:26 PM IST
Highlights

  സാമ്പത്തിക സഹായം നല്‍കാനാകില്ലെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്. 

ദില്ലി: നേപ്പാളിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചെലവും സംസ്ഥാന സർക്കാർ വഹിക്കും. മൃതദേഹങ്ങൾ കൊണ്ടുവരാനുള്ള സാമ്പത്തിക സഹായം നൽകാനാകില്ലെന്ന് പറഞ്ഞ് ഇന്ത്യൻ എംബസ്സി കയ്യൊഴിഞ്ഞ വാർത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു. വാർത്തക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് നോർക്ക വഴി പണം നൽകാമെന്ന ഉറപ്പ് നൽകിയത്.



മുഖ്യമന്ത്രിയുടെ ഓഫീസാണ് നോർക്കയ്ക്ക് തുക നൽകാനുളള്ള നിർദ്ദേശം നൽകിയത്. നോർക്ക സിഇഒ ദില്ലിയിലെ നോർക്ക ഉദ്യോഗസ്ഥരുമായും വിദേശകാര്യമന്ത്രാലയവുമായും സംസാരിച്ചു. കേന്ദ്ര സർക്കാരിൽ നിന്ന‌് നിർദ്ദേശം കിട്ടാത്തതിനാല്‍ മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിനുള്ള പണം നല്‍കാന്‍ ആവില്ലെന്നായിരുന്നു എംബസിയുടെ വിശദീകരണം. 10 ലക്ഷത്തോളം രൂപയാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് എയര്‍ ഇന്ത്യ ചോദിക്കുന്നത്. ഒരു മൃതദേഹത്തിന് ഒരുലക്ഷത്തില്‍ കൂടുതല്‍ തുക വേണ്ടിവരുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്. 

പ്രവീണിന്‍റെയും കുടുംബത്തിന്‍റെയും മൃതദേഹങ്ങള്‍ നാളെ വൈകീട്ട് 6.5ന് തിരുവനന്തപുരത്ത് എത്തിക്കും. രഞ്ജിത്തിന്‍റെയും കുടുംബത്തിന്‍റെയും മൃതദേഹങ്ങള്‍ മറ്റന്നാൾ രാവിലെ 9.5 ന് കോഴിക്കോട്ട് എത്തിക്കും. അതേസമയം മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള പണം നൽകണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഹോട്ടലിലെ ഹീറ്ററിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് നേപ്പാളിലെ ദാമനിൽ എട്ട് മലയാളികളാണ് മരിച്ചത്.



 

click me!