പ്രളയ ദുരിതാശ്വാസം: ലഭിച്ചത് 2,60,269 അപ്പീല്‍, 571 അപേക്ഷകൾ തീർപ്പാക്കിയെന്ന് സർക്കാർ ഹൈക്കോടതിയിൽ

By Web TeamFirst Published Jul 10, 2019, 4:40 PM IST
Highlights

അപേക്ഷകളിലും അപ്പീലുകളിലും അവ്യക്തത തുടരുകയാണെന്ന് സർക്കാർ. അപ്പീലുകളിൽ അന്തിമ തീരുമാനമെടുക്കാൻ കൂടുതൽ സമയം വേണമെന്നും സർക്കാർ ഹൈക്കോടതിയില്‍.

കൊച്ചി: പ്രളയ ധനസഹായത്തിനുള്ള അപ്പീൽ അപേക്ഷകളിൽ തീർപ്പുണ്ടാക്കുന്നത് വൈകുമെന്ന് സർക്കാർ ഹൈക്കോടതിയിയെ അറിയിച്ചു. നിലവിൽ 2,60,269 അപേക്ഷകളാണ് സർക്കാരിന് ലഭിച്ചത്. ഇതിൽ 571 അപേക്ഷകൾ മാത്രമാണ് തീർപ്പാക്കിയതെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മറ്റ് അപേക്ഷകൾ പരിശോധിച്ചുവരികയാണെന്നും സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.  

പുനരധിവാസ പ്രവർത്തനങ്ങളുടെ പുരോഗതി ജനങ്ങളെ സർക്കാർ നേരിട്ട് ബോധ്യപ്പെ‍ടുത്തുമെന്നും ഇതിനായി ഈ മാസം 20 മുതൽ ജില്ലകൾ തോറും മീറ്റിങ്ങ് സംഘടിപ്പിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. അപേക്ഷകളിലും അപ്പീലുകളിലും അവ്യക്തത തുടരുകയാണെന്നും അപ്പീലുകളിൽ അന്തിമ തീരുമാനമെടുക്കാൻ കൂടുതൽ സമയം വേണമെന്നും സർക്കാർ സത്യവാങ്മൂലത്തില്‍ പറഞ്ഞു. അപ്പീലുകളുടെ എണ്ണം കൃത്യമായി പറയണമെങ്കിൽ അപേക്ഷകൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 

സർക്കാർ നടപടികൾ ജനങ്ങളെ നേരിട്ട് ബോധ്യപ്പെടുത്തുന്നത് ലോകത്തിലെ ആദ്യത്തെ നടപടിയാണെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർ രണ്ടാഴ്ചത്തെ സാവകാശം തേടി. കേസ് അടുത്ത ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും. 

click me!